ഈ മാസം കൂടുതല്‍ റേഷനരി; ഗോതമ്പും ആട്ടയും കുറയും; മണ്ണെണ്ണ വില കൂട്ടി..!




സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം കൂടുതല്‍ അരി കിട്ടും. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി ലഭിക്കും. കഴിഞ്ഞമാസം വരെ നല്‍കിയിരുന്ന വിഹിതത്തില്‍ രണ്ടു കിലോ വര്‍ധിപ്പിച്ചു. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം.


ഈ മാസം മുതല്‍ ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള അരിയാകും വിതരണം ചെയ്യുക. മുമ്പ് ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിയാണ് വിതരണം ചെയ്തിരുന്നത്. ഈ മാസം അതതു റേഷന്‍ കടകളിലെ നീക്കിയിരിപ്പ് അനുസരിച്ച് വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോയും ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു കിലോയും സ്‌പെഷല്‍ അരി കിലോയ്ക്ക് 15 രൂപയ്ക്ക് നല്‍കും.


കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം ഈ മാസം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിന് അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. കഴിഞ്ഞമാസം വരെ നാലുകിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഈ പദ്ധതി പ്രകാരം നല്‍കിയിരുന്നത്. റേഷനരി കൂടുതല്‍ കിട്ടുമ്പോള്‍, ഗോതമ്പും ആട്ടയും ഈ മാസം കുറയും.


മുന്‍ഗണനേതര വിഭാഗത്തിന് ( നീല, വെള്ള കാര്‍ഡുകള്‍) കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് നിര്‍ത്തിയ സാഹചര്യത്തിലാണിത്. നീല, വെള്ള, ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് അതതു താലൂക്കിലെ നീക്കിയിരിപ്പ് അനുസരിച്ച് മാത്രമാകും ഈ മാസം പാക്കറ്റ് ആട്ട വിതരണം ചെയ്യുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ മണ്ണെണ്ണ വിതരണം തുടരും.


അതേസമയം, റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന വില കിലോ ലിറ്ററിന് 77,300 രൂപയായാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72,832 ആയിരുന്നു. ഇതോടെ ചില്ലറ വിൽപ്പന വില 84 രൂപയിൽ നിന്ന് 88 രൂപയായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിതരണത്തിനു പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. അതിനാൽ നിലവിൽ വിലവർധനവ് നടപ്പാക്കണോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 70 രൂപയുടെ വർധനവാണ് മണ്ണെണ്ണ വിലയിലുണ്ടായത്. 18 രൂപയിൽ നിന്നാണ് വില 88ൽ എത്തിനിൽക്കുന്നത്.



0 comments