ഉച്ചഭക്ഷണത്തിന് പണമില്ല; കടക്കെണിയിൽ അദ്ധ്യാപകർ


മലപ്പുറം: സ്കൂളിലെ ഉച്ചഭക്ഷണത്തിനായി വാങ്ങിയ പലചരക്കിനും പാലിനും​ മുട്ടയ്ക്കും കച്ചവടക്കാരോട് കടം പറയേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകർ. ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്ന തുക ലഭിക്കാൻ വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഓരോ മാസത്തേയും തുക തൊട്ടടുത്ത മാസത്തെ ആദ്യ ആഴ്ചയിൽ ലഭിക്കാറാണ് പതിവ്. എന്നാൽ ജൂണിലെ തുക ഇതുവരെ കിട്ടിയിട്ടില്ല. പാചക തൊഴിലാളികളുടെ വേതനവും അനുവദിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർത്തുമ്പോഴാണ് നിലവിലെ തുക തന്നെ വൈകുന്നത്. ഓരോ മാസവും എത്ര കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയെന്ന കണക്ക് പ്രധാനാദ്ധ്യാപകർ എ.ഇ.ഒമാർക്ക് സമർപ്പിക്കണം. ജൂണിലെ കണക്ക് ജൂലായ് ആദ്യത്തിൽ തന്നെ സമർപ്പിച്ചിട്ടുണ്ട്. പാചക തൊഴിലാളികളുടെ വേതനം സാധാരണഗതിയിൽ ജൂലായ് അഞ്ചിനകം കിട്ടാറുണ്ട്. തുക എന്ന് അനുവദിക്കുമെന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നൂൺ മീൽ ഓഫീസ‌ർമാർ പറയുന്നു. 2016ൽ ഉച്ചഭക്ഷണ ചെലവിലേക്ക് നിശ്ചയിച്ച നിരക്കിലാണ് ഇപ്പോൾ അനുവദിക്കുന്നത്. 150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരുകുട്ടിക്ക് എട്ട് രൂപ നിരക്കിലും 150 മുതൽ 500 രൂപ വരെയുള്ള കുട്ടികൾക്ക് ഏഴ് രൂപ നിരക്കിലും 500ന് മുകളിലുള്ള ഓരോ കുട്ടിക്കും ആറ് രൂപ നിരക്കിലുമാണ് അനുവദിക്കുന്നത്. 2016ൽ ഗ്യാസിന് 650 രൂപയെങ്കിൽ ഇപ്പോൾ 1,100 രൂപ നൽകണം. മുട്ടയ്ക്ക് നാലരയിൽ നിന്ന് 5.50 രൂപയുമായി. പാലിനും പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിക്കുന്നതും അദ്ധ്യാപകരെ കടക്കെണിയിലാക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണം കണക്കാക്കിയുള്ള സ്ലാബ് സമ്പ്രദായത്തിന് പകരം ഒരുകുട്ടിക്ക് 15 രൂപ നിരക്കിൽ വർദ്ധിപ്പിക്കണമെന്നാണ് പ്രാധാനാദ്ധ്യാപകരുടെ ആവശ്യം.

0 comments