കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിലെ ഇന്ധന ക്ഷാമത്തിന് താൽക്കാലിക ആശ്വാസം


പെരിന്തൽമണ്ണ: കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിലെ ഇന്ധന ക്ഷാമത്തിന് താൽക്കാലിക ആശ്വാസം. ഇന്നലെ വൈകിട്ടോടെ 10,000 ലീറ്റർ ഡീ സൽ ഡിപ്പോയിലേക്ക് ലഭിച്ചു. രാത്രി ഡിപ്പോ വഴി പോകുന്ന ബെംഗളുരു, പോണ്ടിച്ചേരി, മധുര, മംഗളൂരു ഭാഗങ്ങളിലേക്കുള്ള പത്തോളം സിഫ്റ്റ് ബസുകൾക്ക് ടാങ്ക് നിറച്ചു നൽകുകയും ഡിപ്പോയിലെ 25 ബസുകൾക്ക് 200 ലീറ്റർ വീതം നൽകുകയും ചെയ്യുന്നതോടെ ഇത് ഏറെക്കുറെ ഇന്നത്തോടെ തീരും. ഡീസലിന്റെ ദൗർലഭ്യം മൂലം ഇന്നലെ ഗൂഡല്ലൂരിലേക്കുള്ള 2 സിംഗിൾ ട്രിപ്പുകൾ ഉൾപ്പെടെ ചുരുക്കം ചില ബസുകൾ മാത്രമാണ് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയത്. ഭൂരിഭാഗം ഷെഡ്യൂളുകളും സർവീസ് നടത്താൻ ആകാതെ നിർത്തി ഇടുകയായിരുന്നു. മുൻപ് 2 ദിവസം കൂടുമ്പോൾ ഡിപ്പോയിലേക്ക് ഡീസൽ ലഭിച്ചിരുന്നു. അതു പ്രകാരം നാളെ ഡീസൽ ലഭിച്ചാൽ പ്രതിസന്ധി ഒഴിവാക്കാം. അതല്ലെങ്കിൽ മറ്റന്നാൾ മുതൽ മുഴുവൻ ബസുകളും വീണ്ടും കട്ടപ്പുറത്താകും. ഡിപ്പോ നേരിടുന്ന ഡീസൽ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയ എംഡി ബിജു പ്രഭാകറിനോട് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് ഡീസൽ എത്തിയത്.

0 comments