കാലവർഷം കനക്കുന്നു; ഇന്ന് ശക്തമായ മഴക്ക് സാധ്യത



തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അറബിക്കടലിൽ നിന്ന് കേരളത്തീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലകളിൽ ഒറ്റപ്പെട്ട ശകതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെയും ജില്ലകളിൽ മഴ മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും, വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് മുതൽ വെള്ളിയാഴ്ചവരെയാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

0 comments