കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്


കോഴിക്കോട്: പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.വനിതാ ഹോസ്റ്റലിലെ 15 വിദ്യാർത്ഥിനികൾക്കാണ് വിഷബാധയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഗുരുതരാവസ്ഥയിലായ ഒരു കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് വിദ്യാർത്ഥിനികളുടെ നില തൃപ്തികരമാണ്. ഇന്നലെ ഉച്ചക്ക് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്നു.


ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റതായാണ് പ്രാഥമിക നിഗമനമെന്നും വിശദമായ മെഡിക്കൽ റിപ്പോർട്ട് വന്നതിനു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷ്യവിഷബാധ എങ്ങനെ ഉണ്ടായി എന്നതുസംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.0 comments