ഡിസംബർ 13 മുതൽ കുട്ടികൾ യൂണിഫോം ധരിച്ച് സ്കൂളുകളിൽ എത്തണം- മന്ത്രി വി ശിവൻകുട്ടി

സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞതിനാൽ ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സാധാരണ സ്കൂളുകളെ പോലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ ഈ മാസം എട്ട് മുതൽ തുറന്ന് പ്രവർത്തിക്കും.ഇവർക്കു ള്ള ഹോസ്റ്റലുകളും തുറന്ന് പ്രവർത്തിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലേക്ക് എത്താമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സിനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ സംസ്ഥാനത്തെ വാക്സിനെടുക്കാത്ത അധ്യാപകരുടെ കണക്ക് മന്ത്രി പുറത്ത് വിട്ടു. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീൻ സ്വീകരിക്കാത്തതെന്ന് മന്ത്രി അറിയിച്ചു. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സിൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ല. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല.

ആരോഗ്യപ്രശ്നം മൂലം വാക്‌സിൻ എടുക്കാത്തവർ സർക്കാർ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ എല്ലാ ആഴ്ചയും ആർടി പി സി ആർ സർട്ടിഫിക്കറ്റ് നൽകണം. നിബന്ധനകൾ പാലിക്കാത്തവർക്ക് ലീവെടുക്കാം. ഇവർക്ക് ശമ്പളം ലഭിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.


0 comments