
"നജ്മയിൽ നിന്ന് കഫീൽ ഖാനിലേക്ക് എത്ര ദൂരം?"
ഡോക്ടര്‍ നജ്മക്ക് പിന്തുണയുമായി പ്രതിപക്ഷത്തെ യുവനേതാക്കള്‍

കളമശ്ശേരി മെഡിക്കല്‍ കോളജിലെ പിഴവുകള്‍ തുറന്നുപറഞ്ഞ ഡോക്ടര്‍ നജ്മക്ക് പിന്തുണയുമായി പ്രതിപക്ഷത്തെ യുവനേതാക്കള്‍. നജ്മയിൽ നിന്ന് ഡോക്ടർ കഫീൽ ഖാനിലേക്ക് ഇനി എത്ര ദൂരം എന്നാണ് ശബരീനാഥന് എംഎല്‍എയുടെ ചോദ്യം. ഉത്തർപ്രദേശില്‍ കഫീൽ ഖാനെ ജയിലിലടച്ചതുപോലെ നജ്മയെയും ജലജയെയും ജയിലിലടക്കാത്തത് ഭരണാധികാരികളുടെ മഹത്വം കൊണ്ടല്ലെന്നും കേരളത്തിലത് നടക്കില്ലെന്ന് അറിയുന്നതുകൊണ്ട് മാത്രമാണെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
‘പൊട്ടിക്കരഞ്ഞുകൊണ്ട് ലോകത്തോട് ആശുപത്രിയിലെ മെഡിക്കൽ നെഗ്ളിജൻസിനെക്കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടർ നജ്മയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. വാഴ്ത്തു പാട്ടുകൾ മാത്രമല്ല, വിമർശനങ്ങൾ കേൾക്കാനും സർക്കാർ ബാധ്യസ്ഥരാണ്’- ശബരീനാഥന് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും കേന്ദ്രമാണ് ആരോഗ്യ വകുപ്പെന്ന വസ്തുത ഓരോ ദിവസവും പുറത്ത് വരികയാണെന്ന് പി കെ ഫിറോസ് വിമര്‍ശിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ വെൻറിലേറ്റർ ഘടിപ്പിക്കാത്തതിന്റെ പേരിൽ രോഗി മരിച്ച സംഭവം ഏറ്റവും ഒടുവിലത്തേതാണ്. ഇക്കാര്യം ഒരു വാട്സ്ആപ് ഗ്രൂപ്പിൽ പറഞ്ഞതിനാണ് ജലജ ദേവിയെ ആരോഗ്യ മന്ത്രി സസ്പെൻറ് ചെയ്തത്. ആശുപത്രികളിൽ നടക്കുന്ന കൊളളരുതായ്മകൾ സ്ഥിരീകരിച്ചതിന് ഡോക്ടർ നജ്മയെ പീഡിപ്പിക്കുകയാണെന്നും പി കെ ഫിറോസ് പറഞ്ഞു.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ജയിലിലടച്ച കഫീല്‍ ഖാനോടാണ് ശബരീനാഥനും പി കെ ഫിറോസും നജ്മയെ താരതമ്യം ചെയ്യുന്നത്. യു.പിയില്‍ ഓക്സിജന്‍ സിലിണ്ടറുകളില്ലാതിരുന്നതിനാല് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ വാസ്തവം തുറഞ്ഞുപറഞ്ഞതിനാണ് കഫീല്‍ ഖാനെ ആദ്യം ജയിലിലടച്ചത്. പിന്നീട് പൌരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദിച്ചപ്പോഴും കഫീല്‍ ഖാനെ യു.പി സര്‍ക്കാര്‍ വേട്ടയാടി. അതുപോലെ നജ്മയെ ജയിലിലടയ്ക്കാത്തത് കേരളത്തിലത് നടക്കില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നതുകൊണ്ട് മാത്രമാണെന്ന് പി കെ ഫിറോസ് പറയുന്നു.
