പൗരത്വ നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി: അസമില്‍ വിദ്യാര്‍ഥി പ്രതിഷേധം

Updated: Oct 23, 2020

അസമിലെ വിദ്യാര്‍ഥികള്‍ നദ്ദയുടെ കോലം കത്തിച്ചു
പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞതിന് പിന്നാലെ അസമിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജോര്‍ഹത് ജില്ലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയത് കോവിഡ് കാരണമാണെന്നും ഉടന്‍ നിയമം നടപ്പിലാക്കുമെന്നുമാണ് ജെ പി നദ്ദ പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് അസമിലെ വിദ്യാര്‍ഥികള്‍ നദ്ദയുടെ കോലം കത്തിച്ചു. ജോര്‍ഹതിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്‍പിലാണ് വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയത്. അവര്‍ ബിജെപിക്കും ആര്‍എസ്എസിനും നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു.

അസാമീസ് എന്ന ഐഡന്‍റിറ്റി തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വിദ്യാര്‍ഥി നേതാക്കളായ അര്‍ജുന്‍ മേനി ഭുയാനും പാര്‍ഥ പ്രതിം ബോറയും വ്യക്തമാക്കി. അതിനായി രക്തം ചിന്താന്‍ വരെ തയ്യാറാണ്. അസം തദ്ദേശീയരുടേതാണ്. പുറത്തുള്ളവരുടേതല്ല. കര്‍ഷകരുടെ, തൊഴിലാളികളുടെ ഒന്നും പ്രശ്നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവരാനാണ് ഈ നിയമത്തിലൂടെ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദേശികള്‍- അവര്‍ ഹിന്ദുക്കളോ മുസ്‍ലിംകളോ ആവട്ടെ ഇവിടേക്ക് വരാന്‍ അനുവദിക്കരുതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

സിഎഎ സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണെന്നതിനാല്‍ പ്രതിഷേധം നിയമ വിരുദ്ധം ആണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കോടതിയുടെ പരിഗണനയിലുള്ള കാര്യം നടപ്പാക്കുമെന്ന് ജെ പി നദ്ദക്ക് എങ്ങനെ പറയാന്‍ കഴിയുന്നുവെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.

4 views0 comments