
ബിഹാറില്‍ സ്ഥാനാര്‍ഥിയെ വെടിവെച്ച് കൊന്നു

ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ഥിയെയും അനുയായിയെയും അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനാരായണ് സിങും പാര്‍ട്ടി പ്രവര്ത്തകന് സന്തോഷ് കുമാറുമാണ് കൊല്ലപ്പെട്ടത്. അക്രമികളില്‍ ഒരാളെ സ്ഥാനാര്‍ഥിയുടെ അനുയായികള്‍ മര്‍ദിച്ച് കൊന്നു. ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തിലാണ് സംഭവം.
ശനിയാഴ്ച രാത്രി 7.30ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കൊലപാതകം നടന്നത്. ശ്രീനാരായണ് സിങിന്റെ കൂടെയുണ്ടായിരുന്ന അലോക രഞ്ജന്‍ എന്നയാള്‍ക്കും വെടിയേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നവര്‍ എന്ന് നടിച്ച് പിന്നാലെ കൂടിയ അക്രമികള്‍ അവസരം കിട്ടിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഷിയോഹര്‍ എസ്.പി സന്തോഷ് കുമാര്‍ പറഞ്ഞു. അക്രമി സംഘത്തില്‍ ആറ് പേര് ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
നെഞ്ചില്‍ മൂന്ന് തവണ വെടിയേറ്റ ശ്രീനാരായണ് സിങിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അക്രമികളില്‍ ഒരാളെ സ്ഥാനാര്‍ഥിയുടെ കൂടെയുണ്ടായിരുന്നവര്‍ പിടികൂടി മര്‍ദിച്ചു. ഇയാളും മരിച്ചു. ഇയാളില്‍ നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട സ്ഥാനാര്‍ഥി ശ്രീനാരായണ് സിങിനെതിരെ 30ഓളം ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗൂണ്ടാസംഘങ്ങളുമായി സ്ഥാനാര്‍ഥിക്ക് ബന്ധമുണ്ട്. ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും രണ്ട് ഗ്യാങുകള്‍ തമ്മിലുള്ള കുടിപ്പകയാണെന്നും പൊലീസ് പറയുന്നു.