
മങ്കി പോക്സ്: വിദേശത്തുനിന്നെത്തുന്ന എല്ലാവര്ക്കും കര്‍ശന ആരോഗ്യ പരിശോധന

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ മങ്കി പോക്സും കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്ന എല്ലാവര്ക്കും ആരോഗ്യ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന നടത്തണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് പേര്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവള, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശത്തുനിന്നെത്തുന്നവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ കര്‍ശന പരിശോധനകള്‍ വേണമെന്ന് നിര്‍ദേശം നല്കി. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും പ്രവേശന കവാടങ്ങളിലെ ആരോഗ്യ പരിശോധനാ നടപടിക്രമങ്ങള്‍ കേന്ദ്രം അവലോകനം ചെയ്തു. കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. രോഗ നിയന്ത്രണത്തിന് സംസ്ഥാന ഭരണകൂടങ്ങളും വിമാനത്താവളം-തുറമുഖ വിഭാഗങ്ങളും തമ്മില്‍ കാര്യക്ഷമമായ ഏകോപനം ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവാവിനായിരുന്നു ഇന്നലെ മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഈ മാസം 13നാണ് യുവാവ് ദുബായില്‍ നിന്നെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കൊല്ലം സ്വദേശിക്കായിരുന്നു നേരത്തെ മങ്കി പോക്സ് സ്ഥിരീകരിച്ചത്.