വാക്സിനേഷൻ വീണ്ടും സ്കൂളുകളിലേക്ക്


മലപ്പുറം: പന്ത്രണ്ട് മുതൽ 14 വയസ് വരെയുള്ളവരുടെ കൊവിഡ് വാക്സിനേഷനിൽ ജില്ല ഏറെ പിന്നിലായതോടെ വീണ്ടും സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷന് ഒരുങ്ങി ഭരണകൂടവും ആരോഗ്യ വകുപ്പും. ജില്ലാ കളക്ടർ ഇന്ന് വിദ്യാഭ്യാസ,​ ആരോഗ്യ വകുപ്പ് അധികൃതർ,​ തദ്ദേശ ഭരണ സമിതി അദ്ധ്യക്ഷന്മാരുടെയും സംയുക്ത യോഗം വിളിച്ചു. പുതിയ അദ്ധ്യായന വർഷമാരംഭിച്ച പശ്ചാത്തലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങൾക്ക് രൂപമേകുകയാണ് ലക്ഷ്യം.

ജില്ലയിൽ 12നും 14നും ഇടയിൽ 1,​59,​652 പേരാണുള്ളത്. ഇതിൽ 37,​176 പേരാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. 23 ശതമാനം പേർ മാത്രം. മിക്ക ജില്ലകളിലും 50 ശതമാനം കടന്നിരിക്കെ ഇക്കാര്യത്തിൽ മലപ്പുറം സംസ്ഥാനത്ത് തന്നെ പിന്നിലാണ്. സ്കൂളുകൾ തുറക്കുന്നതിന് തൊട്ടുമുമ്പ് വരെ 13 ശതമാനം കുട്ടികൾ മാത്രമാണ് വാക്‌സിനെടുത്തിരുന്നത്.

കൊവിഡ് കേസുകൾ വർദ്ധിക്കുന്നതും സ്കൂളുകളിൽ കുട്ടികൾ തമ്മിലെ ഇടപെടൽ രോഗ വ്യാപന സാദ്ധ്യത വർദ്ധിപ്പിച്ചേക്കുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ കുറഞ്ഞ ദിവസത്തിനിടെ വാക്സിനേഷനിൽ 10 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. വേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ അംഗൻവാടികൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകിയിരുന്നെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകുന്നതിനായി ജൂൺ 6 വരെ വാക്സിനേഷൻ തീവ്രയജ്ഞ പരിപാടി നടപ്പിലാക്കിയിരുന്നെങ്കിലും ഇതും വേണ്ടത്ര വിജയിച്ചില്ല. സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ആരംഭിക്കുന്നതിലൂടെ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യ വകുപ്പ്. ജില്ലയിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമാണ്.

സ്കൂളുകൾ വേനലവധിക്ക് അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് 12-14 പ്രായപരിധിയിലുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനമുണ്ടായത്. 15 വയസ് മുതൽ 17 വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ നേരത്തെ തുടങ്ങിയതിനാൽ 80 ശതമാനത്തിന് മുകളിൽ പേർ ഒന്നാം ഡോസും 50 ശതമാനത്തോളം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

0 comments