വാരിയംകുന്നൻ സിനിമ; ആഷിക് അബുവും പൃഥ്വിരാജും പിന്മാറി


മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിക് അബുവും നടൻ പൃഥ്വിരാജും പിന്മാറി. നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പിന്മാറുന്നത് എന്നാണ് വിശദീകരണം. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്. സിനിമയുടെ പേരിൽ പൃഥ്വിരാജ് സൈബർ ആക്രമണത്തിന് വിധേയമായിരുന്നു. 'ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് 'മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു' എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്. മലബാർ വിപ്ലവചരിത്രത്തിന്റെ നൂറാംവാർഷികത്തിൽ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൈബർ ആക്രമണങ്ങൾ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം. ഇതേ പ്രമേയത്തിൽ പി.ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വെങ്ങരയും അലി അക്ബറും സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.


0 comments