വിസ്‌മയ ജീവനൊടുക്കിയ കേസ്: ഭർത്താവ് കിരണിന് 10 വർഷം തടവ്കൊല്ലം ∙ ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടർന്നു ജീവനൊടുക്കിയ കേസിൽ ഭർത്താവ് എസ്.‌കിരൺകുമാറിന് 10 വർഷം തടവ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാർ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വിധിച്ചത്.

സ്ത്രീധന മരണം വകുപ്പു പ്രകാരമാണു ശിക്ഷ. മറ്റു 2 വകുപ്പുകളിൽ യഥാക്രമം 6, 2 വർഷം വീതം ശിക്ഷ വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതി. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയ കിരണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

ശക്തമായ ഡിജിറ്റൽ തെളിവുകൾ നിർണായകമായെന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് പറഞ്ഞു. വിചാരണ വേളയിലുണ്ടായ വൈകാരിക സംഭവങ്ങൾ മനസ്സിൽനിന്നും മായുന്നില്ലെന്നും ഫോൺ സംഭാഷണങ്ങൾ കോടതിയിൽ കേൾപ്പിച്ചപ്പോൾ വിസ്മയയുടെ മാതാപിതാക്കൾ വിങ്ങിപ്പൊട്ടിയെന്നും മോഹൻരാജ് പറഞ്ഞു. അന്വേഷണം ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്‌പി പി.രാജ്‌കുമാർ പ്രതികരിച്ചു.

0 comments