സ്കൂളുകളിൽ നാളെ പ്രവേശനോത്സവം

മലപ്പുറം :സ്കൂളുകളിൽ നാളെ പ്രവേശനോത്സവത്തിന്റെ ആദ്യ ബെല്ല് മുഴങ്ങും. കൊവിഡിന് പിന്നാലെ രണ്ടുവർഷമായി ജൂണിൽ സ്കൂളുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഓൺലൈനായി നടത്തിയിരുന്ന പ്രവേശനോത്സവം ഇത്തവണ ഓഫ്‌ലൈനായതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. പഠിതാക്കളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം വിപുലമായി ആഘോഷിക്കും.


ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 9.30ന് പൊന്നാനി തൃക്കാവ് ജി.എച്ച്.എസ്.എസിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. യൂണിഫോം വിതരണോദ്ഘാടനും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും പാഠപുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും അക്കാഡമിക് മികവ് പ്രവേശനോദ്ഘാടനം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറവും നിർവഹിക്കും. കളക്ടർ പ്രേംകുമാർ,​ ഡി.ഡി.ഇ കെ.എസ്. കുസുമം തുടങ്ങിയവർ പങ്കെടുക്കും. പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.


പൊതുവിദ്യാഭ്യാസ മികവ് പ്രദർശനം,​ ക്യാൻവാസ് ചിത്രരചന,​ ലിറ്റിൽ കൈറ്റ്സ് സ്റ്റാൾ,​ ഖവാലി,​ ദർബാർ മെഹ്ഫിൽ ഗസൽ,​ നൂർ ഇശൽ കൈമുട്ടിപ്പാട്ട്,​ ഒപ്പന,​ തിരുവാതിര,​ ചിത്രപ്രദർശം,​ മൺപാത്ര നിർമ്മാണം,​ റാട്ട് - കയർ നിർമ്മാണം, സെൽഫ് ഡിഫൻസ് എന്നിങ്ങനെ വിവിധ മേഖലകളെ കോർത്തിണക്കിയുള്ള പരിപാടികളാണ് പ്രവേശനോത്സവത്തിൽ അരങ്ങേറുക. ബ്ലോക്ക് തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്.


അരീക്കോട് ബി.ആർ.സി - ജി.എം.യു.പി.എസ് അരീക്കോട്,​ എടപ്പാൾ- ജി.യു.പി.എസ് കോലൊളമ്പ്,​ കൊണ്ടോട്ടി - ജി.എൽ.പി.എസ് കാരാട്,​ കുറ്റിപ്പുറം- ജി.എച്ച്.എസ്.എസ് പേരശ്ശനൂർ,​ മലപ്പുറം - ജി.എം.യു.പി.എസ് ഇരുമ്പുഴി,​ മഞ്ചേരി - ജി.യു.പി.എസ് പുല്ലൂർ,​ മങ്കട - ജി.എച്ച്.എസ് മങ്കട,​ നിലമ്പൂർ - ജി.യു.പി.എസ് അമരമ്പലം സൗത്ത്,​ പരപ്പനങ്ങാടി - എ.എം.എം.എ.എം.യു.പി.എസ് ചേലേമ്പ്ര,​ പെരിന്തൽമണ്ണ - ജി.എം.എച്ച്.എസ്.എസ് പെരിന്തൽമണ്ണ,​ പൊന്നാനി - ജി.എൽ.പി.എസ് വെളിയങ്കോട് ന്യൂ,​ താനൂർ - ജി.യു.പി.എസ് നിറമരുതൂർ,​ തിരൂർ - ജി.യു.പി.എസ് പുറത്തൂർ,​ വേങ്ങര - ജി.എച്ച്.എസ്.എസ് പെരുവള്ളൂർ,​ വണ്ടൂർ ജി.എൽ.പി.എസ് കരുവാരക്കുണ്ട് എന്നിവിടങ്ങളിലാണ് ബ്ലോക്ക് തല പ്രവേശനോത്സവം നടക്കുക.


0 comments