മറുചോദ്യങ്ങൾ ഉന്നയിക്കുന്ന മുസ്ലിംസ്ത്രീ



ഈ 'കൂട്ടിലടക്കപ്പെട്ട പക്ഷിയെ', 'ചക്കിലകപ്പെട്ട പൂച്ചയെ' 'രക്ഷിക്കാൻ' വംശീയതയിലധിഷ്ഠിതമായ മുതലാളിത്ത ലോകം എല്ലായ്പ്പോഴും ഒരു 'രക്ഷകനെ' നൽകാൻ തയ്യാറായിരുന്നു.




മുഖ്യധാരാ നരേറ്റീവുകൾ ജീവൻ നൽകിയ മുസ്‌ലിം സ്ത്രീ പരികല്പനകൾ എല്ലായ്പോഴും ഒരു രക്ഷകനെ ആവശ്യപ്പെടാറുണ്ട്. അബലയായ, സ്വയംപ്രതിരോധ പാഠങ്ങൾ അറിയാത്ത മുസ്‌ലിം പുരുഷന്റെ സെക്ഷ്വൽ ഫാന്റസികളെ തൃപ്തിപ്പെടുത്താൻ മാത്രമായി ജീവിക്കുന്ന വളരെ പാസീവായ വിക്ടിം ഇമേജിനെയാണ് പൊതുബോധം എന്നും ആവശ്യപ്പെട്ടിട്ടുള്ളത്. സംവാദത്തിന്റെ, ചർച്ചയുടെ, ആശയവിനിമയത്തിന്റെ ഏതൊരു സാധ്യതകളിലും "മുസ്ലിം സ്ത്രീയുടെ മോചനം" മുഖ്യ പ്രമേയമാകുന്നത് യാതൊരു അതിശയോക്തിയും അസ്വാഭാവികതയുമില്ലാതെ സ്വീകരിക്കപ്പെട്ടതതുകൊണ്ടാണ്. ഇത്തരം ബിംബങ്ങളെ ഉടച്ചുവാർക്കാൻ കെൽപ്പുള്ളതായിരുന്നു കേന്ദ്ര സർവകലാശാലകളിലെ CAA- NRC വിരുദ്ധ പ്രക്ഷോഭങ്ങൾ. എന്നിരുന്നാലും, സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു ആർജ്ജവമുള്ള മുസ്ലിം പെൺകുട്ടികൾ മുസ്ലിംസ്ത്രീയുടെ അസ്വാഭാവിക പ്രതിനിധാനങ്ങളായി വിലയിരുത്തപ്പെടുകയും വാർപ്പുമാതൃകകൾ സ്വാഭാവിക, ജനപ്രിയ പ്രതിനിധാനങ്ങളായി തുടരുകയും ചെയ്തു. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി നിലകൊണ്ട, ചാനൽ ചർച്ചകളിൽ ഗ്രാംസ്‌കിയെക്കുറിച്ചും മാർക്സിനെക്കുറിച്ചും ധിഷണാപാഠവത്തോടെ സംസാരിച്ച് 'രക്ഷകർത്താക്കളുടെ' വായടപ്പിച്ച, ഹരിതയുടെ മുൻ നേതാക്കളെ കാണുമ്പോൾ ഉയരുന്ന "വിവരമുള്ള മുസ്ലിംസ്ത്രീയോ!?" എന്ന മുസ്ലിം വിരുദ്ധ, സ്ത്രീ വിരുദ്ധ അത്ഭുതം ഇത്തരം ബിംബങ്ങളിൽ നിന്ന് മുളച്ചതാണ്.


രക്ഷ ആവശ്യപ്പെടുന്ന/തേടുന്ന ആളായി മുസ്ലിം സ്ത്രീ അവരോധിക്കപ്പെടുകയും രക്ഷ നൽകുന്നവർ 'സമയോചിതമായി' മാറിമാറി വരുന്നതും കാണാം. കോളനിയുഗത്തിൽ, മുസ്ലിം സ്ത്രീകൾ സാംസ്കാരികമായി അടിച്ചമർത്തപ്പെട്ടവരാണെന്നും മൂടുപടവും ഹിജാബും അടിമത്തത്തിന്റെ ചിഹ്നങ്ങൾ ആണെന്നും വാദിച്ച കോളനിവാദികൾ "മുസ്ലിം സ്ത്രീയുടെ മോചനം ക്രിസ്തുമതത്തിലേക്ക്" എന്ന് ഉരുവിട്ടുകൊണ്ടേയിരുന്നു. 9/11 ശേഷമുണ്ടായ ഇസ്ലാമോഫോബിയയിൽ അധിഷ്ഠിതമായ നവനാസ്തികത(new-atheism) മുസ്ലിം സ്ത്രീയുടെ മോചനം 'യുക്തി' യിലേക്കായിരിക്കണമെന്നും മതം ഉപേക്ഷിക്കണമെന്നും ശാഠ്യം പിടിച്ചു. മോചനം എന്തിലേക്ക് എന്നതിന് മാറ്റം സംഭവിക്കുമ്പോഴും മുസ്ലിം സ്ത്രീ മോചനം കാത്ത് കിടക്കുന്ന 'കൂട്ടിലടക്കപ്പെട്ട പക്ഷി' യായി തുടർന്നു. സ്ത്രീയുടെ ഒബ്ജെക്ടിഫിക്കേഷനെ/വസ്തുവൽക്കരണത്തെ (ചിന്തകളോ വികാരങ്ങളോ സാധ്യമല്ലാത്ത വസ്തുവായി വ്യക്തിയെ തരം താഴ്ത്തുന്നത്) കുറിച്ച് സംവാദങ്ങൾ സാധ്യമാവുമ്പോഴും മുസ്ലിം സ്ത്രീയുടെ വസ്തുവൽക്കരണം തീരെ പ്രശ്നവത്കരിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്?


ഈ 'കൂട്ടിലടക്കപ്പെട്ട പക്ഷിയെ', 'ചക്കിലകപ്പെട്ട പൂച്ചയെ' 'രക്ഷിക്കാൻ' വംശീയതയിലധിഷ്ഠിതമായ മുതലാളിത്ത ലോകം എല്ലായ്പ്പോഴും ഒരു 'രക്ഷകനെ' നൽകാൻ തയ്യാറായിരുന്നു. മധ്യപൗരാസ്ത്യ ദേശങ്ങളിലെ മുസ്ലിംസ്ത്രീകളെ 'രക്ഷി'ക്കാൻ അമേരിക്ക സ്വയം പ്രഖ്യാപിത 'രക്ഷക'നായി അധിനിവേശം നടത്തി. ഇന്ത്യയിലെ ഹിന്ദു ഫാസിസ്റ്റുകൾ മുസ്ലിം സ്ത്രീയുടെ 'മോചന'ത്തെ പറ്റി നിരന്തരം പ്രസംഗിച്ചു. കേന്ദ്ര സർവ്വകലാശാലകളിൽ മുസ്ലിം സ്ത്രീ 'മോചന'ത്തെ കുറിച്ച് എബിവിപി ദീർഘമായ സെമിനാറുകളും സ്റ്റഡി ക്ലാസുകളും സംഘടിപ്പിച്ചു. വംശീയതയുടെ വക്താക്കൾ തന്നെ 'വിമോചന' ക്യാമ്പയിനുകൾ സംഘടിപ്പിച്ചുകൊണ്ട് സമുദായത്തെ ക്രിമിനൽവൽക്കരിക്കുന്നത് ബാബരിയാനന്തര ഇന്ത്യയിലും തികച്ചും സ്വഭാവികമായി കാണപ്പെട്ടു. മെയിൽ ഈഗോയെ അതിന്റെ ഉത്തുംഗതയിൽ തൃപ്തിപ്പെടുത്തുന്ന ഈ സേവ്യർ മിശിഹാ ഇമേജിന് കമ്പോളത്തിലെ വില തിരിച്ചറിഞ്ഞ്, അന്താരാഷ്ട്ര മാധ്യമങ്ങൾ മുതൽ മലയാള മാധ്യമങ്ങൾ വരെ അഫ്ഗാനിൽ നിന്ന് വരുന്ന ഏതു വാർത്തയ്ക്കും തമ്പ് നെയിൽ മൂടുപടമണിഞ്ഞ മുസ്ലിം സ്ത്രീയെ വെച്ചു കൊണ്ട് കമ്പോളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റി നിർവൃതിയടഞ്ഞു. കർതൃത്വം നിഷേധിക്കപ്പെട്ട മുസ്ലിം സ്ത്രീയെയാണ് പൊതുബോധം നിരന്തരം തേടിക്കൊണ്ടിരുന്നതെന്ന് ഇത്തരം പരികല്പനകളിൽ നിന്നും വ്യക്തമാണ്. "തവിട്ടു സ്ത്രീയെ തവിട്ടു പുരുഷനിൽ നിന്ന് രക്ഷിക്കുക" എന്ന കൊളോണിയൽ ഫെമിനിസത്തിന്റെ അധിനിവേശ യുക്തിക്കെതിരെയുള്ള ഗായത്രി ചക്രവർത്തി സ്പിവാക് ന്റെ വിമർശനങ്ങൾ ഉൾക്കൊള്ളുന്നവർക്ക് പോലും മുസ്ലിംസ്ത്രീയിലേക്ക് വരുമ്പോൾ സമാനമായ കർതൃത്വ നിഷേധം തിരിച്ചറിയാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

മാൻസ്പ്ലെയ്നിംഗിനെ (രക്ഷാധികാരി ചമഞ്ഞ് ബുദ്ധികൂർമ്മത കൂടുതലുള്ളവനായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് പുരുഷൻ സ്ത്രീക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്ന രീതി) നിശിതമായി വിമർശിക്കാൻ ആളുണ്ടാവുമ്പോഴും മുസ്ലിം സ്ത്രീയുടെ നേരെയുള്ള മാൻസ്പ്ലെയ്നിംഗിനെതിരെ ആൾക്കൂട്ടം നിശബ്ദമാകുന്നതെന്തുകൊണ്ടാണ്? ചിന്താ നിലവാരവും പ്രായോഗിക ബുദ്ധിയും കുറഞ്ഞവരാണ് മുസ്ലിം സ്ത്രീകൾ എന്ന ബോധ്യമല്ലേ ഇതിനു പിന്നിൽ? ലിംഗനീതിയെക്കുറിച്ച് വാചാലമാവാറുണ്ടായിരുന്ന ഒരു സുഹൃത്ത് ഈയിടെ ഒരു കാര്യം പങ്കുവെക്കുകയുണ്ടായി. ഹിജാബു ധാരിയായ തന്റെ സഹപാഠിയോട് ഈ വ്യക്തി "ഹിജാബ് അവരുടെ തെരെഞ്ഞെടുപ്പാണോ?" എന്ന് ചോദിച്ചു. "അതെ" എന്ന് മറുപടി നൽകിയ കുട്ടിയോട് "കുടുംബത്തിന്റെ നിർബന്ധമില്ലേ ഇതിനു പിന്നിൽ? ","ഹിജാബ് അഴിച്ചു വെച്ചാൽ വീട്ടുകാരും ബന്ധുക്കളും എങ്ങനെ പ്രതികരിക്കും?", തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുകയും ഹിജാബ് ധരിച്ച വ്യക്തി മറുപടി പറയാൻ പ്രയാസപ്പെടുകയുണ്ടായി എന്നും അതുകൊണ്ട് ഹിജാബ് ആ കുട്ടിയുടെ തെരെഞ്ഞെടുപ്പല്ലെന്നും മനുഫാക്ചർഡ് കൺസന്റ് (നിർമ്മിക്കപ്പെട്ട സമ്മതം) ആണെന്നും എന്റെ സുഹൃത്ത് ശക്തമായി വാദിച്ചു. എന്നാൽ ഇവിടെ ചില മറു ചോദ്യങ്ങൾ നമുക്കുന്നയിക്കാം. ഹിജാബ് ധാരിയായ കുട്ടിയുടെ "അതേ" എന്ന ആദ്യത്തെ മറുപടി വിശ്വാസയോഗ്യമല്ല എന്ന് തോന്നാൻ ഉണ്ടായ കാരണമെന്താണ്? വളരെ പെട്ടെന്ന് മാനിപ്പുലേറ്റ് ചെയ്യാൻ സാധിക്കുന്നവളാണ് മുസ്ലിംസ്ത്രീ എന്ന വാർപ്പുമാതൃക പറഞ്ഞുറപ്പിക്കുക വഴി ലഭിക്കുന്ന ആത്മസംതൃപ്തിയെ എന്തു പേരിട്ടു വിളിക്കണം? മൂടുപടം മുസ്ലിം സ്ത്രീയുടെ തെരഞ്ഞെടുപ്പല്ലെന്ന് എന്ന് ആവർത്തിച്ച്, മധ്യപൗരസ്ത്യ ദേശങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്ന പടിഞ്ഞാറൻ യുക്തിയെക്കുറിച്ച് വിൻഡി ബ്രൗൺ പറയുന്നത് സ്വാതന്ത്ര്യത്തിന്റെ ദാരിദ്ര്യാവസ്ഥയാണ് തെരഞ്ഞെടുപ്പ് എന്ന തിരിച്ചറിവില്ലാതെ പോകുന്നു എന്നാണ്. കുടുംബങ്ങളിൽ ജീവിക്കുന്ന ഒരു സാമൂഹ്യജീവിയെന്ന നിലയിൽ ചുറ്റുപാടുകളിൽ നിന്നും തീരുമാനങ്ങളാർജിക്കുന്ന മനുഷ്യന്റെ തെരഞ്ഞെടുപ്പുകൾ പൂർണമായും സ്വതന്ത്രമാണോ? കഴിക്കുന്ന ഭക്ഷണം, ധരിക്കുന്ന വസ്ത്രം, തെരെഞ്ഞെടുക്കുന്ന ജോലി തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ചുറ്റുമുള്ളവരിൽ നിന്നും ആർജിച്ചതല്ലേ നമ്മൾ പ്രതിഫലിപ്പിക്കുന്നത്? ഏതൊരു മനുഷ്യന്റെയും തെരഞ്ഞെടുപ്പു സാധ്യതകൾ പരിമിതമാണ് എന്നിരിക്കെ ഒരു പ്രത്യേക വ്യക്തിയുടെ/സമുദായത്തിന്റെ തെരഞ്ഞെടുപ്പുസാധ്യതകൾ തങ്ങളുടേതിനേക്കാൾ പരിമിതമാണെന്ന് പറയുന്നതിൽ/വിശ്വസിക്കുന്നതിൽ അപാകതകൾ ഇല്ലേ? ഒരു വ്യക്തിയുടെയും വസ്ത്രം അവന്റെ പൂർണമായ തെരഞ്ഞെടുപ്പല്ല എന്നിരിക്കെ പുരുഷന്റെ വസ്ത്രധാരണരീതികളും മെയിൽ ഗേസിനെ(പുരുഷ നോട്ടങ്ങളെ) തൃപ്തിപ്പെടുത്തുന്ന, കമ്പോളവൽക്കരിക്കാൻ ഏറ്റവും എളുപ്പമുള്ള സ്ത്രീ വസ്ത്രധാരണ രീതികളും മാത്രം പൂർണമായ തെരഞ്ഞെടുപ്പുകളായി പ്രഖ്യാപിക്കപ്പെടുകയും അല്ലാത്തവയെ പ്രാകൃതമെന്നും പ്രതിലോമകരമെന്നും ചപ്പായടിക്കുകയും ചെയ്യുന്ന മുതലാളിത്ത, വരേണ്യ, പുരുഷ സങ്കല്പങ്ങൾ അപനിർമ്മിക്കപ്പെടാതെ പോകുന്നതെന്തുകൊണ്ടാണ്?


മലയാളിയുടെ പുരോഗമനമത്രയും സവർണ ഫാന്റസിയാണെന്ന തിരിച്ചറിവ് പ്രധാനമാണ്. മലയാളിയുടെ ലിംഗ ബോധം സവർണ സ്ത്രീയുടെ പ്രശ്നങ്ങളോടുള്ള മമത മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ദളിത്‌ ഫെമിനിസം വിഘടനപരമാണെന്നും ഇസ്ലാമിക ഫെമിനിസം ഓക്സിമോറോൺ(വൈരുദ്ധ്യാത്മകം) ആണെന്നും പറഞ്ഞു ഇന്റർസെക്ഷണൽ ഫെമിനിസത്തിന്റെ എല്ലാ സാധ്യതകളെയും പൂർണമായും നിഷേധിക്കുന്ന ലിബറൽ യുക്തി. പൊളിറ്റിക്കൽ കറക്ടനസിന്റെ ആഴവും പരപ്പുമളക്കുന്നതിൽ പുരോഗമനം കണ്ടെത്താൻ തുടങ്ങിയ നമ്മുടെ അളവുകോളുകൾ സെലക്റ്റീവ് ലിംഗനീതിയിൽ മാത്രമൊതുങ്ങി പോയതതുകൊണ്ടാണ്. പുരോഗമനത്തിന്റെ അരികുകളിലേക്ക് മാത്രം പ്രവേശനം ലഭിച്ച ജാതി തിരിച്ചറിവുകളും അരികുകൾ പോലും നിഷേധിക്കപ്പെട്ട മുസ്ലിം ബോധ്യങ്ങളും നമ്മെ നോക്കി പള്ളിലിക്കുന്നുണ്ട് എന്ന തിരിച്ചെറിവെങ്കിലും 'വിമോചന വക്താക്കൾക്ക്' അത്യാവശ്യമാണ്.


written by Hiba V

0 comments