സെവൻസിലെ ആരവമായി മലയാളികളുടെ ഹൃദയം കവർന്ന അബ്ദുൽ ഗനി ഇനി ഓർമ.


ആഫ്രിക്കയിൽനിന്ന് പന്തുതട്ടാനെത്തുന്നവരെല്ലാം ആരാധകർക്ക് 'സുഡാനി'കളാണ്. കളിക്കളത്തിലെ മാന്ത്രിക പ്രകടനങ്ങളിലൂടെ മനസ്സ് കീഴടക്കിയ സുഡാനികളേറെ. സെവൻസ് ഫുട്ബോളിന്റെ നന്മയുടെ കഥ പറഞ്ഞ് നൈജീരിയക്കാരനായ സുഡാനി വെള്ളിത്തിരയും കീഴടക്കി. ഇവരിലേക്കെല്ലാം വഴിതെളിച്ച യഥാർഥ സുഡാനി കഴിഞ്ഞദിവസം വിടവാങ്ങി. സെവൻസ് ഫുട്ബോളിലെ ആദ്യത്തെ ആഫ്രിക്കൻ താരമായ അബ്ദുൽ ഗനിയെന്ന സുഡാൻകാരനാണ് കഴിഞ്ഞദിവസം നൈജീരിയയിൽ മരിച്ചത്.


ഗുരുതര രോഗം ബാധിച്ച ഗനി, ശസ്ത്രക്രിയക്കിടെയാണ് മരിച്ചത്. ഗോവയിലെ ചർച്ചിൽബ്രദേഴ്സ് ടീമിലും മൂന്നുവർഷത്തോളം അദ്ദേഹം കളിച്ചു. 2010-ലാണ് ഗനി ഒടുവിൽ കേരളത്തിലെത്തിയത്. തൃശ്ശൂർ പൂരം കണ്ട് ഒരു മാസത്തോളം തങ്ങിയാണ് മടങ്ങിയത്. കറുത്തവർഗക്കാരായ താരങ്ങളെയെല്ലാം സ്നേഹപൂർവം സുഡാനി എന്നു വിളിക്കാൻ തുടങ്ങിയത് ഗനി സെവൻസ് ഫുട്ബോൾകളങ്ങൾ അടക്കിഭരിക്കാൻ തുടങ്ങിയതോടെയാണ്.


ചാലക്കുടിയിലെ സതേൺ കോളേജിൽ പഠിക്കാനെത്തിയ ഗനിയും സുഹൃത്ത് റാഡ് അൽ സബീറുമാണ് ഫുട്ബോളിലെ ആഫ്രിക്കൻ വീര്യം ഇന്നാട്ടിലാദ്യമായി പ്രദർശിപ്പിച്ചത്. വൈകാതെ ഇരുവരും കാലിക്കറ്റ് സർവകലാശാലാ ടീമിലെത്തി. കാലിക്കറ്റിനു വേണ്ടി കളിച്ച ആദ്യ വിദേശതാരവും ഗനിയാണ്. ഗനിയുൾപ്പെട്ട ടീം സർവകലാശാലാ ജേതാക്കളുമായി. സർവകലാശാലാ ടീമിൽനിന്ന് ഗനി സെവൻസ് കളങ്ങളിലേക്കെത്താൻ താമസമുണ്ടായില്ല. ഗനിയെയും സബീറിനെയും കളിപ്പിക്കാൻ സംഘാടകർ മത്സരിച്ചു. ഗനി കളിക്കാനിറങ്ങുന്നുവെന്ന അനൗൺസ്മെന്റ് കേട്ടാൽ മതി മൈതാനം നിറയാൻ. സെവൻസ് ഫുട്ബോളിൽ 'ടോ കിക്ക്' (കാൽവിരലുകൾകൊണ്ട് കുത്തിയടിക്കുന്ന രീതി) പരിചയപ്പെടുത്തിയത് ഗനിയാണ്. ഈ കിക്കിലൂടെ ഏറ്റവും കൂടുതൽ ഗോൾ നേടിയതും അദ്ദേഹമാണ്. ഗനിയുടെ 'ടോ കിക്ക്' ഗോൾകീപ്പർമാരുടെ പേടിസ്വപ്നമായിരുന്നു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിനൊപ്പം ഒക്ടോപ്പസ് ചാലക്കുടിയിലൂടെ സെവൻസിലേക്ക് കടന്നുവന്ന ഗനി ജയ ബേക്കറി തൃശ്ശൂരിനുവേണ്ടിയാണ് കൂടുതൽ കളിച്ചത്. ഫൗളില്ലാതെ പന്തുകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കാനുള്ള ഗനിയുടെ പാടവമാണ് സുഡാനി എന്ന പേര് കളിക്കമ്പക്കാർക്കിടയിൽ അനശ്വരമാക്കിയത്. ഗനിയുടെ ചുവടുപിടിച്ചാണ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് സെവൻസ് ലക്ഷ്യംവെച്ച് മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ കളിക്കാരെത്തിയത്.

0 comments