എം.സി കമറുദ്ദീനെതിരായ നടപടി: ‌‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് കോഴിക്കോട്


ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ റിമാന്‍ഡിലായ മഞ്ചേശ്വരം എം.എല്‍.എ. എം.സി കമറുദ്ദീനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ മുസ്‌‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് കോഴിക്കോട്. കമറുദ്ദീന്‍റെ രാജി ആവശ്യപ്പെടാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കൂടി യോഗം വിലയിരുത്തും. എം.സി കമറുദ്ദീന്‍ എം.എല്‍.എ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ ഉള്‍പ്പെട്ട സംഭവം നേരത്തെ തന്നെ മുസ്‍ലിം ലീഗിന്‍റെ പരിഗണനയില്‍ വന്നതാണ്.

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കി ഒത്തുതീര്‍ക്കണമെന്ന നിലപാടാണ് ആദ്യ ഘട്ടത്തില്‍ ലീഗ് സ്വീകരിച്ചത്. ഇതിനായി പാര്‍ട്ടി മധ്യസ്ഥനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പണം തിരികെ നല്‍കാത്തതിനാല്‍ നല്ല രീതിയില്‍ മുന്നോട്ടു പോയില്ല. ഇതെ തുടര്‍ന്ന് പരാതിക്കാര്‍ കേസ് നല്‍കുകയും ചെയ്തു. ഇതോടെ നിയമനടപടികള്‍ ഖമറുദ്ദീന് വ്യക്തിപരമായി നേരിടട്ടെ എന്ന നിലപാടിലേക്ക് മുസ്‍ലിം ലീഗ് മാറി.

ഇപ്പോള്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ഉന്നയിക്കുമ്പോഴും കമറുദ്ദീനെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിനാണ് ലീഗില്‍ മുന്‍തൂക്കം. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ പ്രശ്‍നങ്ങള്‍ യു.ഡി.എഫ് ശക്തമായി ഉയര്‍ത്തികൊണ്ടിരിക്കെ നിക്ഷേപക തട്ടിപ്പില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ എം.എല്‍.എ തുടരുന്നത് ലീഗിനും യുഡിഎഫിനും പ്രതികൂലമായി ബാധിക്കുമെന്നാണ് പാര്ട്ടിയിലെ വിലയിരുത്തല്‍. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും എന്ന പ്രതികരിച്ച യു.ഡി.എഫ് നേതാക്കളും കമറുദ്ദീനെ സംരക്ഷിക്കാന് രംഗത്തെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ കമറുദ്ദീന്‍റെ രാജി ആവശ്യപ്പെടാനുളള തീരുമാനമാകും ലീഗ് ഉന്നതാധികാര സമിതി എടുക്കുക എന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് ഉച്ചക്ക് 12.30 ന് കോഴിക്കോട് ലീഗ് ഹൌസിലാണ് ലീഗ് ഉന്നതാധികാര സമിതി.

0 comments