അമേരിക്കയില്‍ ഇനി ബെെഡൻ ഭരണകൂടം

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. 20 ഇലക്ടറല്‍ കോളജ് വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ ഫലം പ്രഖ്യാപിച്ചതോടെയാണ് മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വം നീങ്ങിയത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഡോണള്‍ഡ് ട്രംപ്.

പെൻസിൽവേനിയയിൽ നാടകീയ ജയം നേടിയതോടെയാണ് ബൈഡന് 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാനായത്. ചാഞ്ചാടി നിന്ന പെൻസിൽവേനിയ സ്റ്റേറ്റില്‍ വോട്ടെണ്ണലിന്റെ ആദ്യ ദിനത്തില്‍ ട്രംപിനായിരുന്നു ലീഡ്. തപാല്‍ വോട്ടില്‍ ട്രംപിനെ മലര്‍ത്തയടിച്ച ബൈഡന്‍ വൈറ്റ്ഹൌസില്‍ തന്റെ സ്ഥാനമുറപ്പിച്ചു. അതോടെ അമേരിക്കന്‍ മാധ്യമങ്ങള്‍ ബൈഡന്റെ വിജയം പ്രഖ്യാപിച്ചു.

പോപ്പുലര്‍ വോട്ടിലും ട്രംപിനെ പിന്നിലാക്കിയാണ് ബൈഡന്‍ അമേരിക്കയുടെ 46ആം പ്രസിഡന്റാകുന്നത്. മുന്നിലുള്ളത് കഠിനമായ വഴിയാണെന്നും ജനങ്ങളര്‍പ്പിച്ച വിശ്വാസം കാക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്.

ഫലം അംഗീകരിക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ തന്നെയാണ് ട്രംപിന്റെ നീക്കം. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് തെളിയിക്കുന്നതിനുള്ള പ്രചാരണം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.


0 comments