ബംഗളൂരു മയക്കുമരുന്ന് കേസന്വേഷണം മലയാള സിനിമയിലേക്ക്; നാല് സിനിമാ താരങ്ങളെ ചോദ്യം ചെയ്തു


ബംഗളൂരു ലഹരിമരുന്നു കേസ് അന്വേഷണം മലയാള സിനിമയിലേക്കും. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ബിനീഷ് കോടിയേരിയുടെയും മുഹമ്മദ് അനൂപിന്റേയും സിനിമ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. നാല് സിനിമാ താരങ്ങളെ എന്‍.സി.ബി ചോദ്യം ചെയ്തു. ഇഡിയും ഇവരുടെ മൊഴിയെടുക്കും.

സിനിമാ താരങ്ങളില്‍ സംവിധായകരടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരം അനൂപ് മുഹമ്മദിന് പണം അയച്ചുകൊടുത്തവരുടെ വിവരശേഖരണമാണ് നടത്തിയിട്ടുള്ളത്. ഇഡിയും ഈ സിനിമാ താരങ്ങളുടെ മൊഴിയെടുക്കുമെന്നും അതിനായി നോട്ടീസ് നല്‍കിയെന്നുമാണ് വിവരം.

അതേസമയം കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലാം ദിവസമാണ് ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ നര്‍കോടിക് കണ്‍‌ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.

0 comments