കുട്ടികളിലെ ആത്മഹത്യ പ്രവണത വർധിക്കുന്നതായി സര്‍ക്കാര്‍ സമിതിയുടെ പഠന റിപ്പോർട്ടും


സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് ആശങ്കാജനകമായി വര്‍ധിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഡിജിപി ആർ ശ്രീലേഖ അധ്യക്ഷയായ സര്‍ക്കാര്‍ സമിതിയുടെ പഠന റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നതില്‍ കൂടുതലും പെണ്‍കുട്ടികളാണ്. നിസാര പ്രശ്‌നങ്ങള്‍ പോലും നേരിടാൻ കുട്ടികള്‍ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുട്ടികളിലെ ആത്മഹത്യാ നിരക്കും കാരണങ്ങളും കണ്ടെത്താന്‍ നിയോഗിച്ച ഡിജിപി ആര്‍ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടിലാണ് കണക്കുകൾ ആശങ്കയുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കുന്നത്. ലോക്ഡൗണിന് രണ്ട് മാസം മുൻപ് മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് സമിതി പരിശോധിച്ചത്. ഈ കാലയളവിൽ 158 കുട്ടികൾ ആത്മഹത്യ ചെയ്തതിൽ 90 പേരും പെൺകുട്ടികളാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൗമാരക്കാർക്കിടയിൽ ആത്മഹത്യാപ്രവണത വർധിക്കുന്നതായാണ് റിപ്പോർട്ടിലെ ഗൗരവമേറിയ കണ്ടെത്തൽ. പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തതിൽ 148 പേരും. ഇതിൽ തന്നെ 71 പേരും പെൺകുട്ടികളാണ്‌.

നിസാര പ്രശ്നങ്ങൾ പോലും നേരിടാൻ കഴിയാത്ത മാനസിക നിലയിലേക്ക് എത്തുകയാണ് കുട്ടികളെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവുമാണ് ജീവനൊടുക്കാന്‍ ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും പ്രേരണായത്. ആത്മഹത്യ ചെയ്ത 158 കുട്ടികളില്‍ 132 പേരും അണുകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മാതാപിതാക്കളടക്കം ശകാരിച്ചതിനാണ് ഏറ്റവും കൂടുതല്‍ പേരും ജീവനൊടുക്കിയത്. പ്രത്യേകിച്ച് കാരണമില്ലാതെ 41 ശതമാനം കുരുന്നുകൾ ജീവിതമവസാനിപ്പിച്ചതായും സമിതിയുടെ പഠനത്തിൽ കണ്ടെത്തി. ലോക്ഡൗൺ കാലത്ത് മാത്രം 173 കുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന പോലീസിന്‍റെ കണക്കുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.0 comments