ചൈനയുമായി യുദ്ധം ചെയ്യാനുള്ള 'തിയതി' മോദി 'തീരുമാനിച്ചു'വെന്ന് യു.പി ബി.ജെ.പി അധ്യക്ഷന്‍


പാകിസ്താനുമായും ചൈനയുമായും ഇന്ത്യ എപ്പോൾ യുദ്ധം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു കഴിഞ്ഞതായി യു.പി ബി.ജെ.പി അധ്യക്ഷന്‍. ബി.ജെ.പിയുടെ ഉത്തർപ്രദേശ് മേധാവി സ്വതന്ത്ര ദേവ് സിങിന്‍റേതാണ് ഈ വിവാദ പ്രസ്താവന. ഇന്ത്യ- ചൈന നിയന്ത്രണ രേഖയിൽ സംഘര്‍ഷം പുകയുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാവിന്‍റെ ഈ പരാമര്‍ശം. സുപ്രിംകോടതി വിധിയെത്തുടർന്ന് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്‍റെ തുടക്കവും ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും ബന്ധപ്പെടുത്തിയാണ് ബി.ജെ.പി നേതാവിന്‍റെ ഈ അവകാശവാദം.

“രാമക്ഷേത്രം, ആർട്ടിക്കിൾ 370 എന്നിവയിലെ തീരുമാനങ്ങൾ പോലെ, പാകിസ്താനുമായും ചൈനയുമായും എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്,” സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിൽ സിങ് പറയുന്നു. യുദ്ധം ചെയ്യാനുള്ള തിയതി മോദി കുറിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.എൽ.എ സഞ്ജയ് യാദവിന്‍റെ വീട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്വതന്ത്ര ദേവ് സിങ്. തന്‍റെ പ്രസംഗത്തിൽ ബി.ജെ.പി നേതാവ് സമാജ് വാദി പാർട്ടിയെയും ബഹുജൻ സമാജ് പാർട്ടി പ്രവർത്തകരെയും “തീവ്രവാദികളുമായി” താരതമ്യപ്പെടുത്തുന്നുണ്ട്. പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുന്നതിന് യു.പി ബി.ജെ.പി പ്രസിഡന്‍റ് അവരെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് വിവാദ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബി.ജെ.പി എം.പി രവീന്ദ്ര കുശ്വാഹ പറഞ്ഞു.

ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിക്കുന്നതാണ് സ്വതന്ത്ര ദേവ് സിങ്ങിന്‍റെ പരാമർശം. ചൈനയുമായുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച ആവർത്തിച്ചിരുന്നു. “ഒരിഞ്ച്” ഭൂമി പോലും ആരും കൈക്കലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 comments