
'അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്'; വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിനോട് മുഖ്യമന്ത്രി
സംസ്ഥാന പോലീസ് സേനയ്ക്കെതിരെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കർശന നിർദേശങ്ങൾ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് നിയന്ത്രണങ്ങളിലെ പരിശോധന മുതൽ മോൻസൺ വിഷയത്തിൽ വരെ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്.

എസ്.എച്ച്.ഒ മുതൽ ഡി.ജി.പി റാങ്കിൽ വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന സേന എന്ന നിലയിൽ പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പോലീസുകാർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്ന പരിപാടികളിൽ ജാഗ്രത പുലർത്തണം. അനാവശ്യ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ പോലീസ് നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കോവിഡ് ലോക്ഡൗൺ കാലത്തെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ആറ്റിങ്ങലിൽ മത്സ്യവിൽപ്പന നടത്തിയ സ്ത്രീയോട് മോശമായി പെരുമാറിയതും, കൊല്ലത്ത് യുവതിയുമായി പോലീസുകാരൻ വാക്കേറ്റത്തിലേർപ്പടുന്ന ദൃശ്യങ്ങൾ പ്രചരിച്ചതും പോലുള്ള വിഷയങ്ങളിൽ ശ്രദ്ധ വേണം. പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ ശ്രദ്ധിക്കണം.
സ്ത്രീ പീഡനം സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൽ ഒരു വീഴ്ചയും പാടില്ല. കേസ് അന്വേഷണത്തിൽ കാലതാമസമുണ്ടായെന്ന പരാതിക്ക് ഇടവരുത്തരുത്. ഇരയെ പൂർണമായും പിന്തുണയ്ക്കുന്ന നടപടിയാകണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇത്തരം പരാതികളിലെ അന്വേഷണ പുരോഗതി ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ വിലയിരുത്തണം. ഒരു വിട്ടുവീഴ്ചയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കേരള പോലീസ് ആസ്ഥാനത്ത് എത്തുന്നത്. പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റ ശേഷവും ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഇവിടെ എത്തുന്നത്.