നിരന്തരമായി ശല്യം ചെയ്യുന്നു; കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ച് യുവതികള്‍

നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ച് യുവതികള്‍. ഉത്തര്‍പ്രദേശിലെ ജലാവ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് അനുജ് മിശ്രയ്ക്കാണ് മർദ്ദനമേറ്റത്. ശനിയാഴ്ച ഓറയ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. കുറച്ചു നാളുകളായി അനൂജ് യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നതായാണ് പരാതി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവായ അജയ് കുമാര്‍ ലല്ലുവിനോട് ഇയാളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്നും യുവതികള്‍ പറയുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല.

അനൂജ് മിശ്ര തങ്ങളെ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് യുവതികളുടെ പരാതി. പെീലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടാണ് അനൂജിനെ പരസ്യമായി തല്ലിയതെന്നും തങ്ങള്‍ പിന്നെ എന്ത് ചെയ്യണമെന്നും യുവതികള്‍ ചോദിക്കുന്നു. എന്നാല്‍ ഇതൊരു ഗൂഢാലോചനയാണെന്നാണ് അനൂജ് മിശ്രയുടെ പ്രതികരണം.'' എന്താണ് ഈ രാഷ്ട്രീയ ഗൂഢാലോചനക്ക് പിന്നിലെന്ന് മനസിലാകുന്നില്ല. രണ്ട് സ്ത്രീകള്‍ വന്ന് എന്‍റെ കോളറില്‍ പിടിച്ചു. അവര്‍ക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നവരും ഉണ്ടായിരുന്നു'' മിശ്ര പറഞ്ഞു.

സംഭവത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് യുപിയിലെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതികരണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

0 comments