സ്ത്രീധനപീഡനത്തില്‍ ഭാര്യാ പിതാവിൻ്റെ ആത്മഹത്യ:പ്രതി അറസ്റ്റിൽ

മലപ്പുറം: സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ഭാര്യാ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി മരുമകന്‍ അറസ്റ്റില്‍. ഊര്‍ങ്ങാട്ടിരി തഞ്ചേരി കുറ്റിക്കാടന്‍ അബ്ദുള്‍ ഹമീദ്(30) ആണ് അറസ്റ്റിലായത്. കിഴുപറമ്പ് പഞ്ചായത്തിലെ കുനിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.അബ്ദുള്‍ ഹമീദിന്റെ മാതാപിതാക്കളും കേസിലെ പ്രതികളാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഹമീദ് നിരന്തരം ഭാര്യയെ പീഡിപ്പിച്ചിരുന്നു. ഇയാളുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ഭാര്യാ പിതാവായ മൂസക്കുട്ടി ആത്മഹത്യ ചെയ്തത്.


മകള്‍ ഹിബയെ ഹമീദ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നത് സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. സെപ്തംബര്‍ 23 നായിരുന്നു സംഭവം. വീടിനു സമീപത്തെ റബർ തോട്ടത്തിലാണ് മൂസക്കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഹിബയും ഹമീദും വിവാഹിതരായത്. വിവാഹ സമയത്ത് 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നു. ഇതുപോര എന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ കൂടി മൂസക്കുട്ടി നല്‍കി. പത്ത് പവന്‍ സ്വര്‍ണാഭരങ്ങള്‍ കൂടി നല്‍കിയാലെ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ഹിബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


0 comments