
പൊതുപ്രവർത്തകൻ കുറുമാടൻ നിസാറിന്റെ വിയോഗം: നാടിന് തീരാ നഷ്ടം
കുനിയിൽ : ഇന്നലെ വാഹനാപകടത്തിൽ മരിച്ച കുനിയിൽ കുറുമാടൻ നിസാറിന്റെ വിയോഗത്തിന്റെ ദുഖ:ത്തിലാണ് പ്രദേശവാസികൾ. ഇദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മികച്ച പൊതുപ്രവർത്തകനെയും അനൗൺസറെയുമാണ് നാടിന് നഷ്ടമായത്.
ശനിയാഴ്ച രാത്രി നമസ്കാരത്തിനുവേണ്ടി പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് നിസാറിന് അപകടം സംഭവിച്ചത്. മുസ്ലിം ലീഗ് രാഷ്ട്രീയത്തിലാണ് സജീവമായിരുന്നെങ്കിലും കക്ഷി രാഷ്ട്രീയ ഭേദമേന്യ എല്ലാവരോടും സൗമ്യമായി ഇടപെടൽ നടത്തി മികച്ച പൊതുപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയായിരുന്നു നിസാർ.

കേരള സ്റ്റേറ്റ് അനൗൺസേഴ്സ് ജില്ല വൈസ് പ്രസിഡന്റായിരുന്ന നിസാർ തന്റെ ശബ്ദഗാംഭീര്യം കൊണ്ടായിരുന്നു നാട്ടിലെ രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ മിക്ക പരിപാടികളും ജനങ്ങളെ അറിയിച്ചിരുന്നത്. യൂത്ത് ലീഗിന്റെ യുവജന യാത്രയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ശബ്ദ സാന്നിധ്യം നൽകിയതും നിസാറായിരുന്നു.
നിസാറിന്റെ വിയോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, നജീബ് കാന്തപുരം എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീൽ മൂത്തേടം ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. പി.കെ. ബഷീർ എം.എൽ.എ, പി.കെ. ഫിറോസ്, മുജീബ് കാടേരി ഉൾപ്പെടെ ലീഗ് നേതാക്കൾ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു.

ഖബറടക്കത്തിനുശേഷം കുനിയിൽ ന്യൂബസാറിൽ നടന്ന അനുശോചന യോഗത്തിൽ കമ്മദ്കുട്ടി ഹാജി, കെ.സി. ഷുക്കൂർ, കെ.വി. മുനീർ, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ. റഹ്മാൻ, പി.കെ. മുഹമ്മദ് അസ്ലം, കെ.വി. റഫീഖ് ബാബു, പാറമ്മൽ അഹമ്മദ് കുട്ടി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.