വാട്സ് ആപ്പ് വഴി കൂട്ട കോപ്പിയടി: ബിടെക് പരീക്ഷ റദ്ദാക്കികൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള സാങ്കേതിക സർവകലാശാല ഇന്നലെ നടത്തിയ ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് പരീക്ഷ റദ്ദാക്കി. കോവിഡ് മാനദണ്ഡം മറയാക്കി മൊബൈൽ ഫോൺ വഴിയാണ് കോപ്പിയടി നടന്നത്. അഞ്ച് കോളജുകളിൽ ക്രമക്കേട് കണ്ടെത്തി.

കോവിഡ് കാലത്ത് പരീക്ഷക്ക് ഉണ്ടായിരുന്ന മാർഗനിർദ്ദേശം അനുസരിച്ച് ഇൻവിജിലേറ്റർമാർക്ക് സാമൂഹിക അകലം കർശനമായിരുന്നു. ഇത് പരീക്ഷാർഥികൾ വിദഗ്ധമായി ദുരുപയോഗിക്കുകയായിരുന്നു. മൊബൈൽ ഫോണുമായി പരീക്ഷാ ഹാളിലെത്തിയ വിദ്യാർഥി ചോദ്യ പേപ്പർ വാട്സ് ആപ്പ് വഴി പുറത്ത് നൽകിയാണ് ക്രമക്കേട് നടത്തിയത്. ഇതിനായി വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകൾ നേരത്തേ തന്നെ ഉണ്ടാക്കിയിരുന്നു. ഇതിലേക്ക് പുറത്തുനിന്നുള്ളവര്‍ ഉത്തരം നല്‍കുകയായിരുന്നു. സംശയം തോന്നിയ ചില കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോ‍ടെയാണ് പരീക്ഷാ കൺട്രോളറുടെ അന്വേഷണം നടത്തി വേഗത്തിൽ നടപടി സ്വീകരിച്ചത്.

കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്തുമുള്ള വിദ്യാർഥികൾക്ക് കൂടി പരീക്ഷക്ക് അവസരം ഒരുക്കിയിരുന്നു. അതിനാൽ ക്രമേക്കടുകൾ നടന്നതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനാണ് സർവകലാശാലയുടെ നീക്കം. ക്രമക്കേട് സംബന്ധിച്ച് പരീക്ഷകളിൽ സ്വീകരിക്കേണ്ട പുതിയ രീതികളും സർവകലാശാല ഉടൻ ആവിഷ്കരിച്ചേക്കും.


0 comments