ഒറ്റ രാത്രിയിൽ ഫേസ്ബുക്കിന് നഷ്ടം 44,732 കോടിയോളം രൂപ, ക്ഷമ ചോദിച്ച് സക്കർബർഗ്

വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ).മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെയും സഹ കമ്പനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുത്തനെ ഇടിഞ്ഞു.ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കര്‍ബര്‍ഗ് പിന്നിലേക്കിറങ്ങി. നിലവില്‍ ബില്‍ ഗേറ്റ്‌സിനു പിറകില്‍ അഞ്ചാം സ്ഥാനത്താണ് സക്കര്‍ബെര്‍ഗ്. ടെസ്ല, സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്, ആമസോണ്‍ ഉടമ ജെഫ് ബെസോസ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഫ്രഞ്ച് വ്യവസായി ബെര്‍നാള്‍ഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.


നീണ്ട ഏഴു മണിക്കൂര്‍ നേരത്തെ സേവന തടസത്തിനുശേഷമാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവ തിരിച്ചെത്തിയത്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗും സേവനങ്ങള്‍ തടസപ്പെട്ടതില്‍ ക്ഷമ അറിയിച്ചു.

0 comments