പെണ്ണാണ്… പെണ്ണ്‌പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുമ്പോൾ ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്. കാലമിത്ര പുരോഗമിച്ചിട്ടും പെൺകുട്ടികൾക്കു നേരെയുള്ള വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും ഇന്നും കുറവില്ല. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ഓരോ പെൺകുട്ടികൾക്കും പറയാനുണ്ടാവും ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് നടന്ന അവരുടെ ബാല്യത്തെ കുറിച്ച്. പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ പാസ്സായ കുട്ടി എന്റെ കല്യാണമാണ് വരണം എന്ന് പറഞ്ഞ് ക്ഷണിച്ചപ്പോൾ എന്തെന്ന് ചോദിക്കേണ്ടി വന്നില്ല. കാരണം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു ആ നിസ്സഹായാവസ്ഥ.

ചെറിയ ക്ലാസ്സുകളിലെ കുട്ടികളോട് പോലും നിങ്ങൾക്ക് എന്താവണം എന്ന് ചോദിച്ചാൽ, മറുപടികളേറെയാണ്. “എനിക്ക് ഡോക്ടർ ആവണം, എനിക്ക് എഞ്ചിനീയർ ആയാൽ മതി, എനിക്ക് അത്ലറ്റ് ആവണം...”


പഠനം മാത്രമല്ല എല്ലാ കുട്ടികളുടെയും സ്വപ്നം. എന്നാൽ എത്ര കുടുംബങ്ങൾ തങ്ങളുടെ പെണ്മക്കളെ സ്പോർട്സിലേക്ക് പറഞ്ഞയക്കും? എത്ര മാതാപിതാക്കൾ സ്വന്തമായി ജോലിനേടാൻ ഉപദേശിക്കും? പുരോഗമന വാദികൾ എന്ന് പറഞ്ഞ് നടക്കുന്നവർ പോലും തന്റെ പെണ്മക്കളെ അവരുടെ സ്വപ്നങ്ങൾക്ക് അനുസരിച്ച് വിടാറുണ്ടോ..?

എല്ലാവരും ഇങ്ങനെയാണെന്നല്ല. പക്ഷെ അങ്ങനെയുള്ളവരാണ് കൂടുതലും.


പ്ലസ്ടു ക്ലാസ്സിന്റെ അവസാന നാളുകളിൽ അധ്യാപകർ പറഞ്ഞു കേട്ടിട്ടുണ്ട്, നിങ്ങളിൽ തുടർന്ന് പഠിക്കും എന്നുറപ്പുള്ളവർ മാത്രം കോളേജുകളിൽ അഡ്മിഷൻ എടുത്താൽ മതിയെന്ന്. കല്ല്യാണം കഴിഞ്ഞ് പാതി വഴിയിൽ പഠനം നിർത്തുമ്പോൾ നിങ്ങളുടെ ക്ലാസ്സുകളിലെ തന്നെ ഉയരങ്ങളിലേക്ക് എത്തേണ്ട ഒരു ആൺകുട്ടിയുടെ സീറ്റ് ആണ് നിങ്ങൾ കളയുന്നതെന്ന് ഓർക്കണമെന്ന്.

എന്നെ പഠിപ്പിച്ച ഒരു അധ്യാപകൻ പറഞ്ഞ വാക്കുകളാണിത്. ഒരുപാട് ആലോചിച്ചിട്ടുണ്ട്, ആൺകുട്ടികൾക്ക് മാത്രമാണോ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കുക..? കല്ല്യാണം കഴിഞ്ഞ് പാതി വഴിയിൽ പഠനം നിർത്തുന്ന പെൺകുട്ടികൾക്ക് സ്വപ്‌നങ്ങൾ ഇല്ലാഞ്ഞിട്ടാണോ?

സമൂഹം എത്രത്തോളം വളർന്നു എന്ന് പറഞ്ഞാലും പെൺകുട്ടികളായത് കൊണ്ട് മാത്രം സ്വപ്‌നങ്ങൾ നേടിയെടുക്കാൻ കഴിയാത്ത ഒരുപാട് പേരുണ്ട് ഇന്നും നമുക്കിടയിൽ.

ഉയരങ്ങൾ സ്വപ്നം കണ്ട് ആത്മവിശ്വാസത്തോടെ വളരാൻ ഓരോ പെൺകുട്ടികൾക്കും കഴിയട്ടെ...

അവൾക്കും പറക്കണം വാനോളം..


-ജെലിയ പറക്കാട്ട്.


0 comments