ആഗോള പട്ടിണി സൂചിക; പാകിസ്ഥാനും പിന്നിലായി ഇന്ത്യ

ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില 101ാം സ്ഥാനത്തായി പിന്നിലാണ് ഇന്ത്യയുള്ളത്. 2020ല്‍ ഇത് 94ാം സ്ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പോഷകാഹാരക്കുറവ്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം, ശിശുമരണ നിരക്ക്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെവളര്‍ച്ചാ മുരടിപ്പ് എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.1998-2002 കാലഘട്ടത്തില്‍ 17.1 ശതമാനം ആയിരുന്നു അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം എന്നാല്‍ 2016-2020 കാലത്ത് ഇത് 17.3 ശതമാനമായി ഉയര്‍ന്നു. കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകളാണ് ഈ വര്‍ധനവിന് കാരണമായി വിലയിരുത്തുന്നത്. എന്നാല്‍ ശിശുമരണ നിരക്ക് കുറയ്ക്കാനും ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ് എന്നിവയില്‍ നില മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.


71ാം സ്ഥാനം മ്യാന്‍മറിനും നേപ്പാളിനും ബംഗ്ലാദേശിനും 76ാം സ്ഥാനവും പാകിസ്ഥാന് 92ാം സ്ഥാനവുമാണ് ഉള്ളത്.  പട്ടിണിയുടെ കാര്യത്തില്‍ ആപത്സൂചനയുള്ള വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൈന, ബ്രസീല്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ പതിനെട്ട് രാജ്യങ്ങളിലുള്‍പ്പെട്ടു. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030ന് അകം പട്ടിണി കുറയ്ക്കാന്‍ സാധിക്കാത്ത പട്ടികയില്‍ 47 രാജ്യങ്ങളാണ് ഉള്ളത്. കാലാവസ്ഥാ മാറ്റങ്ങളും കൊവിഡ് മഹാമാരിയും ലോകത്തിലെ ഭക്ഷ്യ സുരക്ഷയെ സാരമായി ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

0 comments