ഹാഥ്റസ് കേസ്: അന്വേഷണ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്

ഹാഥ്റസ് കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്. അലഹബാദ് ഹൈക്കോടതിയാണ് മേല്‍നോട്ടം വഹിക്കുക. അന്വേഷണം പൂര്‍ത്തിയായ ശേഷം കേസ് ഡല്‍ഹിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഡല്‍ഹി സ്വദേശിയാണ് ഈ ഹര്‍ജി നല്‍കിയത്. കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി അന്വേഷണം വേണമെന്നും കേസ് നടത്തിപ്പ് ഡൽഹിയിലേക്ക് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം രാത്രിയില്‍ ദഹിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരണമെന്നും കുടുംബം ആവശ്യമുന്നയിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബഹ്മണ്യം എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. കേസ് നടത്തിപ്പ് ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനം സിബിഐ അന്വേഷണം പൂര്‍ത്തിയായ ശേഷമെന്ന് പറഞ്ഞ കോടതി, മേല്‍നോട്ട ചുമതല അലഹബാദ് ഹൈക്കോടതിയെ ഏല്പിക്കുകയായിരുന്നു.
ഹാഥ്റസില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് 19കാരിയായ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. പ്രദേശത്തെ മേല്‍ജാതിക്കാരാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ നാവരിഞ്ഞ ശേഷമാണ് അവര്‍ മടങ്ങിയത്. സെപ്തംബര്‍ 30ന് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരിച്ചു. വീട്ടുകാര്‍ക്ക് മൃതദേഹം അന്ത്യകര്‍മത്തിന് വിട്ടുകൊടുക്കാതെ പൊലീസ് തന്നെ സംസ്കരിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കളെ ആദ്യ ഘട്ടത്തില്‍ കുടുംബത്തെ കാണാന്‍ പോലും അനുവദിക്കാതെ പൊലീസ് തടഞ്ഞതും വിവാദമായിരുന്നു.