ഹോട്ടലിൽ എലിയെ കണ്ടു, വിദ്യാർഥികൾ വീഡിയോ പകർത്തി; ഒടുവിൽ പൂട്ടും വീണു


കോഴിക്കോട്: ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികൾ ഹോട്ടലിലെ റാക്കിൽക്കണ്ട എലിയെ വീഡിയോയിൽ പകർത്തി ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടൽ അടച്ചു.


ഈസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ഹോട്ബൺസാണ് ബുധനാഴ്ച രാത്രി ഏഴുമണിയോടെ ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചത്. കഴിഞ്ഞദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കിൽ എലി ഓടിക്കളിക്കുന്നത് കണ്ടത്.
ഇത് വീഡിയോയിൽ പകർത്തിയ വിദ്യാർഥികൾ ഭക്ഷ്യസുരക്ഷാവകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി. പരിശോധനയിൽ ഹോട്ടലിൽ എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി.


ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സ്ഥാപനം പ്രവർത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയിൽ ഭക്ഷണവിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഫുഡ് സേഫ്റ്റി ലൈസൻസും സസ്പെൻഡ് ചെയ്തു. ഹോട്ടിലിന്‌ നോട്ടീസും നൽകി. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരായ ഡോ. വിഷ്ണു എസ്. ഷാജി, ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരാണ് പരിശോധന നടത്തിയത്.

0 comments