
സമത്വത്തിനായി പോരാടിയ കറുത്തവംശജരായ സ്ത്രീകളുടെ പ്രതിനിധിയെന്ന് കമല ഹാരിസ്

അമേരിക്കയുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. ഭിന്നിപ്പിക്കുന്നതിന് പകരം രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും. അമേരിക്കയുടെ ആത്മാവിനെ തിരിച്ച് പിടിച്ച് ജനതയുടെ മുറിവുണക്കും. വംശീയതക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും അമേരിക്കയുടെ ലോക നേതൃത്വപദവി വീണ്ടെടുക്കുമെന്നും ഡെലാവെയറിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ ബൈഡൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന് പ്രഖ്യാപിച്ച ബൈഡൻ, ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാനും മറന്നില്ല.
അമേരിക്കയുടെ സമത്വത്തിനായി പോരാടിയ അസംഖ്യം കറുത്തവംശജരായ സ്ത്രീകളുടെ പ്രതിനിധിയാണ് താനെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. ജനാധിപത്യത്തിന്റെ നട്ടെല്ലായ ശക്തരായ സ്ത്രീകളുടെ ത്യാഗത്തെ ഓർക്കുന്നു. രാജ്യത്ത് ഒന്നും അസാധ്യമല്ലെന്ന് ഓരോരുത്തരും മനസ്സിലാക്കണം. തന്നെ വൈസ് പ്രസിഡന്റാക്കാൻ തെരഞ്ഞെടുത്ത ജോ ബൈഡനും പൂർണ പിന്തുണ നല്കിയ കുടുബത്തിനും കമല നന്ദി പറഞ്ഞു. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും കാരണമായത് അമ്മ ശ്യാമളയാണെന്നും കമല കൂട്ടിച്ചേർത്തു.
20 ഇലക്ടറല്‍ കോളജ് വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ ഫലം പ്രഖ്യാപിച്ചതോടെയാണ് അടുത്ത പ്രസിഡന്റ് ആരെന്ന മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വം നീങ്ങിയത്. പെൻസിൽവേനിയയിൽ നാടകീയ ജയം നേടിയതോടെ ബൈഡന് 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാനായി. ചാഞ്ചാടി നിന്ന പെൻസിൽവേനിയ സ്റ്റേറ്റില്‍ വോട്ടെണ്ണലിന്റെ ആദ്യ ദിനത്തില്‍ ട്രംപിനായിരുന്നു ലീഡ്. തപാല്‍ വോട്ടില്‍ ട്രംപിനെ മലര്‍ത്തയടിച്ച ബൈഡന് വൈറ്റ്ഹൌസില്‍ തന്റെ സ്ഥാനമുറപ്പിച്ചു. അതോടെ അമേരിക്കന്‍ മാധ്യമങ്ങള്‍ ബൈഡന്റെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. പോപ്പുലര്‍ വോട്ടിലും ട്രംപിനെ പിന്നിലാക്കിയാണ് ബൈഡന് അമേരിക്കയുടെ 46ആം പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്.