
മഞ്ചേരി എഫ്.എം ലോകത്ത്മൂന്നാം സ്ഥാനത്ത്

മഞ്ചേരി: 'ന്യൂസ് ഓണ്‍ എയര്‍' ആപ് മുഖേനയുള്ള ആകാശവാണി നിലയങ്ങളില്‍ ലോകത്ത് മൂന്നാം സ്ഥാനം ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തിന്. ഇക്കഴിഞ്ഞ ജനുവരിയിലെ കണക്ക് പ്രകാരമാണിത്. ഒന്നാം സ്ഥാനം 'വിവിധ ഭാരതി' ദേശീയ ചാനലിനാണ്. കൊച്ചി റെയിന്‍ബോ എഫ്.എം ചാനലിനാണ് രണ്ടാം സ്ഥാനം.
കോഴിക്കോട് എഫ്.എം ചാനലിനാണ് ആറാം സ്ഥാനം. 'ന്യൂസ് ഓണ്‍ എയര്‍' വഴി മഞ്ചേരി എഫ്.എം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വിദേശ രാജ്യം ബെല്‍ജിയമാണ്. ആകാശവാണിയുടെ 240ലേറെ നിലയങ്ങളാണ് 'ന്യൂസ് ഓണ്‍ എയര്‍' ആപ് വഴി ലൈവ് സ്ട്രീമിങ് നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ നിലയങ്ങളിലൊന്നും ഭൗതിക സൗകര്യങ്ങളിലും മാനവ വിഭവ ശേഷിയിലും ഏറെ പരിമിതികളുള്ള ഈ നിലയത്തിന് ലോകത്ത് മൂന്നാം സ്ഥാനം എന്നത് ഏറെ അഭിമാനകരമാണ്. കോവിഡ് കാലത്ത് പ്രത്യേക ഫോണ്‍ ഇന്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്ത് ശ്രോതാക്കളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചു.
കോവിഡ് ബോധവത്കരണത്തിനായി തത്സമയ ഫോണ്‍ ഇന്‍ പരിപാടികള്‍ നടത്തിയിരുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും യുവാക്കളെയും ആകര്‍ഷിക്കുന്ന വിവിധ പരിപാടികളും മഞ്ചേരി എഫ്.എം നിലയം പ്രക്ഷേപണം ചെയ്യുന്നുണ്ട്. നേട്ടത്തിന് സഹായിച്ച മഞ്ചേരി എഫ്.എം നിലയത്തിന്റെ ശ്രോതാക്കള്‍ക്കും നിലയത്തിലെ ജീവനക്കാര്‍ക്കും മഞ്ചേരി എഫ്.എം പ്രോഗ്രാം അസി. ഡയറക്ടര്‍ ടി.കെ. മനോജന് നന്ദി അറിയിച്ചു.