അതിർത്തി കടന്ന് അവയവദാനം; ആറു പേർക്ക് പുതുജന്മം നൽകി ആൽബിൻ പോൾ യാത്രയായി


തിരുവനന്തപുരം: ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂർ ചായ്പ്പാൻകുഴി രണ്ടുകൈ തട്ടകത്ത്ഹൗസ് സ്വദേശി ആൽബിൻ പോൾ (30) ഇനി ആറു പേരിലൂടെ ജീവിക്കും. മസ്തിഷ്ക മരണമടഞ്ഞ ആൽബിൻ പോളിന്റെ ഹൃദയം,

2 വൃക്കകൾ, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകീർത്തിച്ചു. മറ്റുള്ളവരിലൂടെ ആൽബിൻ പോൾ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു.


ആൽബിൻ പോളും സഹോദരൻ സെബിൻ പൗലോസും കൂടി ഈ മാസം 18ന് രാവിലെ 3.15ന് നെടുമ്പാശേരി എയർപോട്ടിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ അവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലുള്ളവർ വിളിച്ച് പറഞ്ഞാണ് വീട്ടുകാർ അപകടത്തെപ്പറ്റി അറിഞ്ഞത്. പിതാവ് പൗലോസ് ആശുപത്രിയിലെത്തുമ്പോൾ രണ്ട് മക്കളും ഐസിയുവിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു. സഹോദരൻ ഭേദമായി ആശുപത്രി വിട്ടു. എന്നാൽ ആൽബിന്റെ അവസ്ഥ ഗുരുതരമായി കഴിഞ്ഞ ദിവസം മസ്തിഷ്ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ മഹത്വമറിയാവുന്ന പിതാവ് പൗലോസ് അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.0 comments