കെ.എം ഷാജിയുടെ വീട് പൊളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോര്പറേഷന് നോട്ടീസ് പുറത്ത്

വീട് പൊളിക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി എംഎല്‍എക്ക് നല്കാന് കോഴിക്കോട് കോര്പ്പറേഷന് തയ്യാറാക്കിയ നോട്ടീസ് പുറത്ത്. അനധികൃത ഭാഗം പൊളിക്കണമെന്നാവശ്യപ്പെടുന്ന നോട്ടീസ് ഷാജിക്ക് നല്‍കും മുമ്പാണ് പുറത്തായത്. ഓഫീസ് കോപ്പി പുറത്ത് വന്നതിൽ അന്വേഷണം നടത്തുമെന്ന് കോര്പ്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു. വീട് പൊളിച്ച് മാറ്റുമെന്ന് പറയുന്നത് വെറും തമാശയാണെന്നായിരുന്നു കെ.എം ഷാജിയുടെ പ്രതികരണം.
3000 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാനുള്ള അനുമതി വാങ്ങിയിട്ട് 5260 സ്ക്വയർ ഫീറ്റ് വീട് വെച്ചതാണ് കോർപ്പറേഷന്റെ നടപടിക്ക് കാരണം. കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച് ആശയുടെ പേരിലാണ് കോഴിക്കോട് മാലൂർകുന്നിലെ വീട്. കോർപ്പറേഷൻ സെക്രട്ടറി ഇന്നലെ തയ്യാറാക്കിയ നോട്ടീസ് ഇന്ന് കൈമാറാനിരിക്കേയാണ് ഉടമക്ക് നൽകും മുമ്പ് പുറത്തായത്. അടുത്ത ദിവസം നോട്ടീസ് കൈമാറും. നോട്ടീസ് ചോർന്ന സംഭവത്തിൽ കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് അന്വേഷണം പ്രഖ്യാപിച്ചു. ടൗൺ പ്ലാനിംഗ് സെക്ഷൻ വിഭാഗം തലവൻ ജയനാണ് ചുമതല. സെക്ഷനിലെ പ്യൂൺ നോട്ടീസ് ചോർത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.