ലേബര്‍ കോഡ് ബില്ലും പണിമുടക്കും; പുതിയ തൊഴില്‍ നയത്തിലെ ഫാസിസ്റ്റ് ചെയ്തികള്‍

ജോലി സമയം 12 മണിക്കൂര്‍, പിരിച്ച് വിടുന്നതിന് മുമ്പ് നോട്ടീസ് പോലും നല്‍കേണ്ടതില്ല, അതെ സ്വതന്ത്ര ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് ഇനി അവകാശങ്ങളുണ്ടാകില്ല...!
മഹാമാരിയില്‍ രാജ്യത്തെ ജനങ്ങള്‍ വിറങ്ങലിച്ചുനില്ക്കുന്നു ,തൊഴിലില്ലായ്മ നിരക്കില്‍ രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നു, ദാരിദ്ര്യവും പട്ടിണിയും, അരക്ഷിതാവസ്ഥയും രാജ്യത്തെ പൊറുതിമുട്ടിക്കുന്നു, ഇതിനിടയിലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശബ്ദമില്ലാതെ ഒരു തൊഴിലാളി വിരുദ്ധബില്‍ കൂടി പാസായി കഴിഞ്ഞിരിക്കുന്നു.
നൂറ്റാണ്ടുകള്‍ കൊണ്ട് പോരാട്ടങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും തൊഴിലാളി വര്‍ഗം നേടിയെടുത്ത അവകാശങ്ങളുടെ വേരറുക്കുന്ന നിയമനിര്‍മ്മാണങ്ങളാണ് നാല് ലേബര്‍ കോഡുകളുടെ രൂപത്തില്‍ മോദി സര്‍ക്കാര്‍ കവര്‍ന്നെടുത്തിരിക്കുന്നത്.
തൊഴിലിടങ്ങളിലെ ചൂഷണങ്ങള്‍ ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് അത്ര നിസാരമായി എഴുതിത്തള്ളാന്‍ കഴിയുന്ന ഒന്നല്ല, അങ്ങനെയിരിക്കെ അതിനാക്കം കൂട്ടുന്ന നിലയിലാണ് ലേബര്‍ കോഡ് രാജ്യസഭയിലും കേന്ദ്രം പാസാക്കിയെടുക്കുന്നത്. പുറത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കവെയാണ് ആളൊഴിഞ്ഞ സഭയില്‍ കേന്ദ്രം രാജ്യത്തെ തൊഴിലാളികളുടെ വിധിയെഴുതിയത്. മാനേജ്മെന്റുകളുടെ അടിമക്കൂടാരത്തിലേക്ക് തൊഴിലാളികളെ എറിഞ്ഞു കൊടുക്കുകയാണ് ലേബർ കോഡിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ കക്ഷികളടക്കം ആരോപിക്കുന്നു.