മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: ലോഡ്ജ് സീൽ ചെയ്തു, പ്രതികൾ ഒളിവിൽ


ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികൾ ഒളിവിൽ. കേസിലെ പ്രതികളായ അജ്മൽ, ഷമീർ എന്നിവരും ഇടച്ചിറയിലെ ലോഡ്ജിന്റെ ഉടമയായ സ്ത്രീയുമാണ് ഒളിവിൽപോയത്. ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. ഇതേ തുടർന്ന് ലോഡ്ജിൽ പരിശോധന നടത്തിയ പോലീസ് ഇത് സീൽ ചെയ്തു.


മലപ്പുറം സ്വദേശിനിയായ മോഡലിനെയാണ് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പിടിയിലായത്.യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ മുൻ പരിചയക്കാരനായ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനം.


കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഐടി വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്. ഇൻഫോ പാർക്ക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇൻഫോപാർക്ക് പോലീസ് പറഞ്ഞു.

0 comments