ഇന്ധന വിലവർധന കാരണം പലരും സി.എന്‍.ജിയിലേക്ക്; ഒരു മാസത്തില്‍ സി.എന്‍.ജിക്ക് കൂടിയത് 12 രൂപ


പെട്രോൾ, ഡീസൽ വില വർധനയ്ക്കൊപ്പം കംപ്രസ്ഡ് നാച്വറൽ ഗ്യാസിന്റെ (സി.എൻ.ജി.) വില വർധനയും വാഹന ഉടമകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കണ്ണൂരിൽ രണ്ട് സി.എൻ.ജി. പമ്പുകൾ വന്നതോടെ നിരവധി വാഹനങ്ങളാണ് ചുരുങ്ങിയ കാലയളവിൽ നിരത്തിലിറങ്ങിയത്. എന്നാൽ ഒരുമാസത്തിനിടെ സി.എൻ.ജി.ക്കുണ്ടായ വില വർധനയാണ് ഇവരെ ദുരിതത്തിലാക്കിയിരിക്കുന്നത്.


സി.എൻ.ജി.ക്ക് കിലോയ്ക്ക് തുടക്കത്തിൽ 63 രൂപയായിരുന്നു വില. ആദ്യവാരം ഒറ്റയടിക്ക് 5.50 രൂപ വർധിച്ച് 68.50 രൂപയായി. പിന്നീട് ഒരുരൂപയും ഒക്ടോബർ 30-ന് 3.50 രൂപയും വർധിച്ച് 73 രൂപയായി. മൂന്നുതവണയായി 10 രൂപയുടെ വർധനയാണുണ്ടായത്. കഴിഞ്ഞദിവസം രണ്ടുരൂപ കൂടിയതോടെ വില 75-ലെത്തി. കണ്ണൂരിൽ ചൊവ്വാഴ്ച പെട്രോളിന് 104.40 രൂപയും ഡീസലിന് 91.67 രൂപയുമാണ് വില.


സി.എൻ.ജി.യിൽ പ്രവർത്തിക്കുന്ന ഓട്ടോകളാണ് ജില്ലയിൽ കൂടുതലുള്ളത്. ഇതിനുപുറമെ കാറുകളും പുതുതായി നിരവധി കാര്യേജ് വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. പള്ളിക്കുന്നിലെ ഫ്രീഡം ഫ്യൂവൽ പമ്പിലും മട്ടന്നൂരിലുമാണ് നിലവിൽ സി.എൻ.ജി. പമ്പുകളുള്ളത്. രണ്ട് പമ്പുകളിൽനിന്നുമായി ദിവസം ഏകദേശം 1000 കിലോ സി.എൻ.ജി. ചെലവാകുന്നുണ്ട്. പള്ളിക്കുന്ന് പമ്പിൽ മാത്രം ഒരുദിവസം 100-ലധികം വാഹനങ്ങൾ സി.എൻ.ജി.ക്കായി എത്തുന്നുണ്ട്.


ടാങ്ക് നിറയ്ക്കാൻ പെടാപ്പാട്


'ഓഗസ്റ്റ് മാസത്തിലാണ് സി.എൻ.ജി. ഓട്ടോ എടുത്തത്. അന്ന് 350 രൂപയ്ക്ക് ഫുൾ ടാങ്ക് സി.എൻ.ജി. നിറയ്ക്കാമായിരുന്നു. ഇന്ന് 420 രൂപയോളം വേണം ടാങ്ക് നിറയ്ക്കാൻ. പെട്രോൾ, ഡീസൽ വിലവർധയ്ക്കിടെ ഇക്കാര്യം ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല'- ചക്കരക്കല്ലിലെ ഓട്ടോഡ്രൈവർ അനിൽകുമാർ പറഞ്ഞു. ഡീസൽ ഓട്ടോ വിറ്റിട്ടാണ് പ്രജീഷ് ചന്ദ്രോത്ത് സി.എൻ.ജി. ഓട്ടോ എടുത്തത്. ഒരുദിവസം ഒറ്റയടിക്ക് അഞ്ചുരൂപയോളമാണ് സി.എൻ.ജി.ക്ക് കൂടിയത്. ഡീസലിന് വിലകുറച്ചപ്പോൾ സി.എൻ.ജി.ക്കും വിലകുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പ്രജീഷ് പറഞ്ഞു.


കാരണം അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം


എറണാകുളത്തെ എൽ.എൻ.ജി. (ലിക്വിഡ് നാച്വറൽ ഗ്യാസ്) ടെർമിനലിൽനിന്നാണ് കണ്ണൂരിലേക്കുള്ള സി.എൻ.ജി. എത്തിക്കുന്നത്. ഇതിനായുള്ള ഗതാഗതച്ചെലവ് അടക്കമാണ് 75 രൂപ നിശ്ചയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എൽ.എൻ.ജി.ക്ക് വിലകൂടിയതാണ് വിലക്കയറ്റത്തിനുള്ള കാരണം. എന്നാൽ ഗതാഗതച്ചെലവ് കൂട്ടാതെയാണ് വിലനിയന്ത്രിച്ച് നിർത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. അതിനാൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിലവിൽ ഒരേ വിലയാണ്. കണ്ണൂരിൽ സിറ്റി ഗ്യാസ് നിലവിൽ വരുന്നതോടെ വില കുറയ്ക്കാനാകുമെന്നും അധികൃതർ പറഞ്ഞു.


0 comments