മലയാള സിനിമയിലെ അതുല്യ കലാകാരൻ നെടുമുടി വേണു വിടവാങ്ങി


നടനും അതുല്യകലാകാരനുമായ നെടുമുടി വേണു അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി വേണു രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്. ആലപ്പുഴയിലെ നെടുമുടിയിൽ പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി ജനിച്ചത്. നെടുമുടിയിലെ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. ആലപ്പുഴ എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പ്രത പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചു.1990-ൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി. 2003-ൽ പുറത്തിറങ്ങിയ മാർഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാർഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങൾ എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും നേടി. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007-ൽ സിംബാബ്വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരവും കരസ്ഥമാക്കി. സത്യൻ പുരസ്കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്കാരം, ബഹദൂർ പുരസ്കാരം, കാലരത്നം പുരസ്കാരം, സെർവ് ഇന്ത്യ മീഡിയ പുരസ്കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.0 comments