പയ്യനാട് സ്റ്റേഡിയത്തിന് അർഹിച്ച പരിഗണന ലഭിക്കും; സർക്കാർ

മഞ്ചേരി : മലപ്പുറത്തെ കായിക പ്രേമികളെ സാക്ഷി നിറുത്തി കേരളത്തിന്റെ കാൽപ്പന്താവേശത്തിന് കൂടുതൽ മാറ്റ് പകരാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മത്സരങ്ങൾ നടന്നിരുന്ന പയ്യനാട് സ്റ്റേഡിയത്തിന്റെ വിപുലീകരണത്തിനായി 20 കോടി രൂപ അനുവദിച്ചതായി കഴിഞ്ഞ ദിവസം കായിക മന്ത്രി വി.അബ്ദുറഹിമാൻ മലപ്പുറത്ത് പറഞ്ഞിരുന്നു. സന്തോഷ് ട്രോഫി നടന്ന സമയത്ത് പയ്യനാട്ടേക്ക് ഒഴുകിയെത്തിയ ഫുട്ബാൾ പ്രേമികളുടെ എണ്ണം പ്രതീക്ഷിച്ചതിലും മേലെയായിരുന്നു. അതിനൊത്ത സൗകര്യം പയ്യനാട് സ്റ്റേഡിയത്തിനുണ്ടായിരുന്നില്ല. ഇത് കണക്കിലെടുത്താണ് സർക്കാർ ഫണ്ട് അനുവദിക്കുന്നത്.20 കോടി രൂപയിൽ 40,000 കാണികളെ ഉൾകൊള്ളിക്കുന്ന സ്റ്റേഡിയമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാവർക്കും ഇരുന്ന് തന്നെ കളി കാണാനുള്ള സൗകര്യമൊരുക്കുക എന്നതാണ് പ്രധാനം. സന്തോഷ് ട്രോഫി അവസാനിക്കുന്നതോടെ ഐ.എസ്.എൽ പോലെയുള്ള മത്സരങ്ങളും പയ്യനാട്ടേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകർ. ഇതിനായി കായിക മന്ത്രിയും പരിശ്രമിക്കുന്നുണ്ട്.


കൊവിഡിന് ശേഷം രണ്ട് ദേശീയ കായിക ഇനങ്ങൾക്കാണ് ജില്ല വേദിയായത്. ദേശീയ അത്ലറ്റിക്സ് മീറ്റായ ഫെഡറേഷൻ കപ്പ് നടന്നിരുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിലായിരുന്നു. ഈ വർഷം തന്നെ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റും സീനിയർ അത്ലറ്റിക്സ് മീറ്റും യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ അരങ്ങേറി. ശേഷം മലപ്പുറത്ത് സന്തോഷ് ട്രോഫിയുമെത്തി. ഇതെല്ലാം ഇരു കൈകളും നീട്ടി സ്വീകരിച്ച മലപ്പുറത്തുകാർ ഇനിയും അടുത്ത മത്സരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.


കേരളത്തിന്റെ മത്സരങ്ങൾ നടന്നപ്പോൾ ഗാലറി മുഴുവൻ ആർത്തു വിളിച്ച് സന്തോഷത്തിലാറാടിയെങ്കിലും കാണികൾ പൂർണമായും സന്തോഷത്തിലായിരുന്നില്ല. ഫൈനൽ ദിവസം ടിക്കറ്റെടുത്തവർക്ക് പോലും സീറ്റ് ലഭിക്കാത്ത സ്ഥിതിയാണുണ്ടായിരുന്നത്. തിരക്ക് കാരണം ഗാലറിയിൽ ജനങ്ങൾ എഴുന്നേറ്റ് നിന്നാണ് മത്സരം കണ്ടിരുന്നത്.


നിലവിൽ 25,000 വരെയുള്ള സിറ്റിംഗ് കപ്പാസിറ്റിയാണ് ഗാലറിക്കുള്ളത്. എന്നാൽ ഇരട്ടി ആളുകളാണ് കളി കാണാനെത്തിയത്. സീറ്റ് ലഭിക്കാത്തവർ ഫെൻസിംഗിന് ചുറ്റും നിന്ന് കളി കണ്ടപ്പോൾ പിറകിൽ ഗാലറിയുള്ളവർക്ക് അത് ബുദ്ധിമുട്ടായി. ഒടുവിൽ എല്ലാവരും ഒരുപോലെ എണീറ്റ് നിന്ന് കളി കണ്ടു. വി.ഐ.പി സീറ്റുകളുടെ ഭാഗങ്ങൾ പോലും നിറഞ്ഞു കവിഞ്ഞിരുന്നു. ടിക്കറ്റ് ലഭിക്കില്ലെന്ന ആശങ്കയിൽ കായിക പ്രേമികൾ നേരത്തെ റോഡിലിറങ്ങിയത് പയ്യനാട് സ്റ്റേഡിയത്തിലേക്കുള്ള വിവിധ റോഡുകൾ ബ്ലോക്കാകാനും ഇടയാക്കി.

0 comments