രാഹുലും പ്രിയങ്കയും പഞ്ചാബിലേക്ക് പോകുന്നില്ലേയെന്ന് പ്രകാശ് ജാവദേക്കര്‍


ആറുവയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രതിഷേധവുമായി പഞ്ചാബിലേക്ക് പോകാത്തത് എന്തുകൊണ്ടാണ് എന്ന് ഗാന്ധി കുടുംബത്തിന് നേരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ട് ഇതുവരെ പഞ്ചാബിലേക്ക് പോയില്ലെന്നാണ് പ്രകാശ് ജാവദേക്കര്‍ ചോദിക്കുന്നത്.

ഉത്തര്‍പ്രദേശിലേക്ക് 'പൊളിറ്റിക്കല്‍ ടൂര്‍' നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആറുവയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. പ്രതികളുടെ വീട്ടില്‍ നിന്നാണ് പാതി കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തണ്ടയിലെ ജലാല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം.

ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയുടെ മകളെയാണ് പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെടുത്തിയത്. സംഭവത്തില്‍ ഗുര്‍പ്രീത് സിങ്, ഇയാളുടെ മുത്തച്ഛന്‍ സുര്‍ജിത് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്സോ വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെ ഗുര്‍പ്രീത് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കുട്ടി മരിച്ചതോടെ ഗുര്‍പ്രീത് മുത്തച്ഛനായ സുര്‍ജിത്തിന്‍റെ സഹായത്തോടെ മൃതദേഹം കത്തിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്.

0 comments