കളക്ടറുടെ ഉറപ്പിൽ ആശ്വാസം: കുരുക്ക് അഴിയാത്ത ആദിവാസി പട്ടയം

ഊർങ്ങാട്ടിരി : ജില്ലയിലെ ആദിവാസികളായ ഭൂരഹിതർക്ക് പട്ടയ ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിവേഗ നടപടികളുണ്ടാവുമെന്ന് മലപ്പുറം ജില്ലാ കളക്ടർ ഉറപ്പ് നൽകിയതായി സാമൂഹ്യ പ്രവർത്തക ചിത്ര പറഞ്ഞു. ഐ.റ്റി.ഡി.പി അപേക്ഷ ക്ഷണിച്ചത് പ്രകാരം ആയിരത്തിലേറെ ഭൂരഹിതരായ ആളുകളാണ് ഭൂമിക്കായി കാത്തിരിക്കുന്നത്. വിഷയം പരിഗണനക്കെടുത്തിട്ടുണ്ടെന്നും എന്നാൽ വനം വകുപ്പുമായുള്ള കൂടുതൽ ചർച്ചയ്ക്ക് ശേഷം ഭൂമി കൈമാറാനാകുമെന്നും കളക്ടർ അറിയിച്ചതായും ചിത്ര പറഞ്ഞു.2009ലെ സുപ്രീം കോടതി വിധി പ്രകാരം നിലമ്പൂർ, ചുങ്കത്തറ ഭാഗങ്ങളിലെ 538 ഏക്കർ വനഭൂമിയാണ് സർക്കാർ ഭൂരഹിതർക്ക് നൽകാനായി അനുവദിച്ചിട്ടുള്ളത്. ഊർങ്ങാട്ടിരി പഞ്ചായത്തിലെ അടക്കമുള്ള ആദിവാസി വിഭാഗത്തിൽ ഭൂമിയില്ലാത്തവർക്ക് ഇത് ഉപയോഗപ്പെടുത്താനാകും. ഇതിൽ 299 ഏക്കർ ഭൂമിയാണ് വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയിട്ടുള്ളത്. ഇതേ തുടർന്ന് ഐ.റ്റി.ഡി.പി ഗുണഭോക്താക്കാളെ കണ്ടെത്തുകയും കഴിഞ്ഞ വർഷം ഡിസംബറോടെ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.


എന്നാൽ കരട് ഒപ്പ് വയ്ക്കുന്നതടക്കമുള്ള തുടർനടപടികൾ ഇതുവരെ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ മാസം 30ന് കളക്ട്രേറ്റ് പരിസരത്ത് പ്രതിഷേധമടക്കം നടത്തിയിരുന്നു. കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വാക്കിലുള്ള ഉറപ്പല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. പദ്ധതിയിൽ ഐ.റ്റി.ഡി.പിയുടെ ഇതുവരെയുള്ള ജോലികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും കരട് ഒപ്പ് വച്ചാൽ മാത്രമേ ബാക്കി നടപടികളിലേക്ക് കടക്കാനാവൂ എന്നുമാണ് ഐ.റ്റി.ഡി.പി ഉദ്യോഗസ്ഥരുടെ നിലപാട്.


ഇടയ്ക്ക് വച്ച് രണ്ട് തവണ കളക്ടർ മാറിയതും പദ്ധതിയിൽ കാലതാമസം നേരിടുന്നതിന് കാരണമായിട്ടുണ്ട്. മുൻ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്തിലായിരുന്നു ഇതിന്റെ ആദ്യ ഘട്ട നടപടികളെല്ലാം പൂർത്തീകരിച്ചിരുന്നത്. എന്നാൽ തുടർനടപടികൾ പൂർത്തീകരിക്കേണ്ട ചുമതല പുതിയ കളക്ടർ വി.ആർ പ്രേംകുമാറിന്റേതുമാണ്. ഇതുവരെയുള്ള നടപടികളെല്ലാം പഠിച്ച് യോഗം ചേർന്ന് ബാക്കിയുള്ള പ്രവർത്തികൾ പൂർത്തീകരിക്കേണ്ടത് ഇദ്ദേഹമാണ്. എന്നാൽ യോഗം എന്നാണ് നടക്കുക, നടപടികൾ എത്ര ദിവസം കൊണ്ട് പൂർത്തീകരിക്കാനാവും സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനും കളക്ടർക്ക് സാധിച്ചിട്ടില്ല.

0 comments