എന്നുതീരും റഷ്യയുടെ 'നാറ്റോ ഫോബിയ'; യുക്രൈനെ വെച്ചുള്ള വിലപേശൽ ക്ലെെമാക്സിലേക്കോ?യുക്രെെനിയൻ സെെനികർ | ചിത്രം: AFP

യുദ്ധസന്നാഹങ്ങളുമായി യുക്രൈനെ വളഞ്ഞിരിക്കുകയാണ് റഷ്യ. രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വരും ആഴ്ചകളിൽ യുക്രൈനെ ആക്രമിക്കാൻ കഴിയുംവിധം റഷ്യ ഒരുങ്ങിയെന്നും സ്ഥിതി​ഗതികൾ അതീവ ​​ഗുരുതരമാണെന്നുമാണ് അമേരിക്ക പറയുന്നത്. എന്നാൽ ഒരു ആക്രമണത്തിന് തങ്ങൾ ഇല്ലെന്ന നിലപാടിൽ തന്നെയാണ് റഷ്യ ഇപ്പോഴും.


അതിർത്തിയിൽ സെെനികരെ അണിനിരത്തി യുദ്ധത്തിന് പൂർണസജ്ജരായിരുന്നു റഷ്യ. എന്നാൽ ചൊവ്വാഴ്ചയോടെ തങ്ങൾ കുറച്ചു സെെനികരെ യുക്രെെൻ അതിർത്തിയിൽ നിന്നും പിൻവലിക്കുകയാണെന്ന് റഷ്യ അറിയിച്ചു. യുക്രെെനുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ നിന്ന് അഭ്യാസം നടത്തുന്ന ചില സൈനികരെ പിൻവലിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.


യുക്രൈന്റെ വടക്കും കിഴക്കും തെക്കും തെക്കുപടിഞ്ഞാറും അതിർത്തികളിൽ 100,000-ൽ അധികം റഷ്യൻ സൈനികരാണ് വിന്യസിക്കപ്പെട്ടത്. യുദ്ധത്തിനല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സന്നാഹങ്ങളെല്ലാം? റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനോടുള്ള പാശ്ചാത്യരാജ്യങ്ങളുടെ ചോദ്യമിതാണ്. പുതിൻ അതിനു വ്യക്തമായ ഉത്തരം നൽകുന്നില്ല. അതോടെ അമേരിക്കയും സഖ്യകക്ഷികളും യുക്രൈന്റെ സംരക്ഷണത്തിനിറങ്ങി. സംഘർഷം കനത്തു. എന്നാൽ പാശ്ചാത്യരാജ്യങ്ങളാണ് ആക്രമണോത്സുകത കാട്ടുന്നതെന്നാണ് റഷ്യയുടെ നിലപാട്.അതിർത്തിയില്‍ നിന്ന് ബോസുകളിലേക്ക് തിരികെ കൊണ്ടുപോകുന്ന റഷ്യന്‍ ടാങ്കുകള്‍ | ചിത്രം: AP

വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ തുടരുമെന്നും ചില യൂണിറ്റുകൾ തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചെങ്കിലും എത്ര സെെനികരെ പിൻവലിക്കാൻ പോകുന്നുവെന്ന് റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് നിലവിലെ സാഹചര്യത്തിൽ സമ്മർദ്ദം കുറയ്ക്കുമെങ്കിലും യുദ്ധഭീതി പൂർണമായും അകറ്റുമെന്ന് കരുതാനാവില്ല. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


റഷ്യയും യുക്രെെനും


നൂറ്റാണ്ടുകളായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു യുക്രൈൻ. എന്നിരുന്നാലും, 1991-ൽ സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടതോടെ രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ചു. അധികം വൈകാതെ യുക്രൈൻ റഷ്യയുമായി അകലം പാലിക്കാൻ തുടങ്ങി. മാത്രമല്ല, പടിഞ്ഞാറുമായി അടുത്ത ബന്ധംസ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തു.


എന്നാൽ 2010ൽ റഷ്യ അനുകൂലിയായ വിക്ടർ യാനുകോവിച്ച് പ്രസിഡന്റ് ആയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. യുക്രൈനെ യൂറോപ്യൻ യൂണിയനുമായി അടുപ്പിക്കുന്ന വാണിജ്യ ഉടമ്പടി അവസാനഘട്ടത്തിൽ അദ്ദേഹം ഉപേക്ഷിച്ചു. പുതിന്റെ സമ്മർദംമൂലമാണിതെന്ന് അദ്ദേഹം തുറന്നുപറഞ്ഞതോടെ റഷ്യാവിരോധികളായ യുക്രൈൻകാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പിന്നീട് യുക്രൈൻ സാക്ഷ്യം വഹിച്ചത് ശക്തമായ പ്രതിഷേധങ്ങൾക്കാണ്. ആഭ്യന്തര യുദ്ധത്തിന്റെ പടിവാതിൽ വരെയെത്തിയ പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അതിനൊടുവിൽ യാനുകോവിച്ച് പുറത്തായി.ക്രിമിയയിലെ ഒക്ടിയാബ്രസ്കോയ് വ്യോമപരിധിയിലെ റഷ്യൻ സൈനിക വിന്യാസം

ക്രിമിയയിലെ ഒക്ടിയാബ്രസ്കോയ് വ്യോമപരിധിയിലെ റഷ്യൻ സൈനിക വിന്യാസം

എന്നാൽ, ക്രൈമിയൻ പെനിൻസുല പിടിച്ചടക്കിക്കൊണ്ടാണ് റഷ്യ ഇതിനോട് പ്രതികരിച്ചത്. 1954-ൽ സോവിയറ്റ് ഭരണാധികാരി നികിത ക്രൂഷ്ചേവ് യുക്രൈന് കൈമാറിയ പ്രദേശമായിരുന്നു ക്രൈമിയ. കിഴക്കൻ യുക്രൈനിൽ പൊട്ടിപ്പുറപ്പെട്ട വിഘടനവാദികളുടെ കലാപത്തിന് പിന്നിലും മറ്റാരുമായിരുന്നില്ല. വിമതർക്ക് സൈനിക സഹായം നൽകിയത് റഷ്യ തന്നെയാണെന്ന് യുക്രൈനും പടിഞ്ഞാറൻ രാജ്യങ്ങളും ഇപ്പോഴും വിശ്വസിക്കുന്നു. എന്നിരുന്നാലും, റഷ്യ ഇത് നിഷേധിച്ചിരുന്നു.


ഈ സംഭവത്തിനുശേഷം കിഴക്കൻ യുക്രൈനിലെ ഡോൺബാസിനെ വിഘടനവാദികൾ സ്വയംപ്രഖ്യാപിത റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. റഷ്യ ഇവരെ പിന്തുണച്ചു. യുക്രൈൻ സർക്കാരും വിഘടനവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14,000 പേർ മരിച്ചു. 2014-ലും 2015-ലും ബെലാറസിലെ മിൻസ്കിൽ റഷ്യയും യുക്രൈനും ഒപ്പിട്ട ഉടമ്പടികളിലൂടെ വെടിനിർത്തലുണ്ടായി. പക്ഷേ, ഉടമ്പടി പൂർണമായി പാലിക്കപ്പെട്ടില്ല.യുക്രൈന്‍ സെെനികർ | ചിത്രം :AP

ക്രൈമിയയിലെ അധിനിവേശവും തുടർന്നുള്ള ഏറ്റുമുട്ടലും യുക്രൈനെ പാശ്ചാത്യലോകവുമായി കൂടുതൽ അടുപ്പിച്ചു. നാറ്റോയുമായി ചേർന്ന് സൈനികാഭ്യാസങ്ങൾ നടത്തി. അംഗരാജ്യങ്ങളായ അമേരിക്കയിൽനിന്നും തുർക്കിയിൽനിന്നും സൈനികോപകരണങ്ങൾ വാങ്ങി. നാറ്റോയുടെ പങ്കാളിരാജ്യമാണ് യുക്രൈൻ. ഭാവിയിൽ അതിൽ അംഗമാകാൻ അനുമതി ലഭിക്കാവുന്ന രാജ്യമെന്നാണ് ഇതിനർഥം.


യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും യുക്രൈന് ആയുധങ്ങൾ നൽകുന്നതും സംയുക്ത അഭ്യാസങ്ങൾ നടത്തുന്നതും റഷ്യയെ വളരെയധികം അലോസരപ്പെടുത്തിയിരുന്നു. പരസ്യമായി ഇത് വിമർശിക്കാനും റഷ്യയ്ക്ക് മടിയുണ്ടായിരുന്നില്ല. വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാൻസ്കിലും ഡൊനെറ്റ്സ്കിലും ബലപ്രയോഗത്തിലൂടെ തിരിച്ചുപിടിക്കാൻ ഇത് യുക്രൈനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് റഷ്യ വിശ്വസിക്കുന്നത്.


എന്താണ് 'നാറ്റോ'?


നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ ചുരുക്കമാണ് നാറ്റോ. യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നിവയുൾപ്പെടെ 12 രാജ്യങ്ങൾ ചേർന്ന് 1949-ൽ രൂപംകൊടുത്ത സൈനികസഖ്യം. ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, ഐസ്ലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, നോർവേ, പോർച്ചുഗൽ എന്നിവയാണ് മറ്റ് സ്ഥാപകാംഗങ്ങൾ.


അംഗരാജ്യങ്ങളിൽ ഏതിനെങ്കിലുംനേരെ സായുധാക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം. രണ്ടാംലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നതു തടയുക എന്നതായിരുന്നു നാറ്റോ സ്ഥാപനത്തിന്റെ യഥാർഥലക്ഷ്യം.


റഷ്യയുടെ നാറ്റോ 'ഫോബിയ'


നാറ്റോയെ നേരിടാൻ സോവിയറ്റ് യൂണിയൻ കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളെ ചേർത്ത് 1955-ൽ 'വാഴ്സോ ട്രീറ്റി ഓർഗനൈസേഷൻ' (വാഴ്സോ ഉടമ്പടി) എന്ന സൈനിക സഖ്യമുണ്ടാക്കി. പക്ഷേ, 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നു. അതോടെ വാഴ്സോ ഉടമ്പടി പൊളിഞ്ഞു. അപ്പോഴേക്കും അന്നത്തെ സോവിയറ്റ്-അമേരിക്കൻ പ്രസിഡന്റുമാർ തമ്മിൽ ഒരു ധാരണയുണ്ടാക്കിയിരുന്നു; നാറ്റോ കിഴക്കൻ യൂറോപ്പിൽനിന്ന് അംഗങ്ങളെ ചേർക്കില്ല എന്ന്. ആ വാക്ക് നാറ്റോ പാലിച്ചില്ല.


സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ സ്വതന്ത്രമായ രാജ്യങ്ങളിൽ പലതിനും അംഗത്വം നൽകി. സോവിയറ്റ് യൂണിയൻ തകരുമ്പോൾ 16 രാജ്യങ്ങൾ മാത്രമുണ്ടായിരുന്ന നാറ്റോയിൽ 30 അംഗങ്ങളുണ്ടിന്ന്. 2009-ൽ അംഗത്വം ലഭിച്ച ക്രൊയേഷ്യയും അൽബേനിയയുമാണ് നവാഗതർ. യുക്രൈനും ജോർജിയയും മറ്റ് അയൽരാജ്യങ്ങളും നാറ്റോയിൽ ചേരുമെന്ന് പുതിൻ ആശങ്കപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ, ഇപ്പോഴേ റഷ്യയുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന നാറ്റോയ്ക്കും പാശ്ചാത്യശക്തികൾക്കും അകത്തേക്കുകടക്കൽ എളുപ്പമാകും. എന്തുവിലകൊടുത്തും അത് തടയണം. അതിനാണ് യുക്രൈനെ വെച്ചുള്ള റഷ്യയുടെ വിലപേശൽ.


റഷ്യയ്ക്ക് വേണ്ടത്


റഷ്യയുടെ അയൽരാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുതെന്നതാണ് പുതിന്റെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ നിയമപരമായ ഉറപ്പാണ് അദ്ദേഹത്തിനുവേണ്ടത്. 1990-കളിൽ, അതായത് 16 അംഗങ്ങൾ മാത്രമുണ്ടായിരുന്നപ്പോഴത്തെ നിലയിലേക്ക് നാറ്റോ സേനാവിന്യാസം ചുരുക്കണം. റഷ്യയിലേക്ക് വേഗമെത്തുന്നതരത്തിൽ അംഗരാജ്യങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിക്കരുത്. യുക്രൈനുമായും പഴയ സോവിയറ്റ് അംഗരാജ്യങ്ങളുമായുമുള്ള സൈനികസഹകരണം നിയന്ത്രിക്കണം.


റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ| Photo: AFP

എന്നാൽ, നാറ്റോ അംഗത്വകാര്യത്തിൽ റഷ്യ ആവശ്യപ്പെടുംപോലുള്ള ഉറപ്പുനൽകാൻ അമേരിക്ക തയ്യാറല്ല. സ്വതന്ത്രപരമാധികാരരാജ്യമായ യുക്രൈൻ സ്വന്തംകാര്യം തീരുമാനിക്കുമെന്നാണ് അമേരിക്കയുടെയും നാറ്റോയുടെയും നിലപാട്. യുക്രൈന് ആയുധവും പരിശീലനവും നൽകുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.


ഇനിയെന്ത്?


കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുകയാണ് അമേരിക്കയും ബ്രിട്ടനും. നാറ്റോ രാജ്യങ്ങളായ പോളണ്ട്, ചെക് റിപ്പബ്ലിക്, ലാത്വിയ, ലിത്വാനിയ എന്നിവ യുക്രൈന് യുദ്ധോപകരണങ്ങൾ നൽകുകയോ വാഗ്ദാനംചെയ്യുകയോ ചെയ്തിട്ടുണ്ട്. സ്പെയിൻ, ഡെന്മാർക്ക്, നെതർലൻഡ്സ് എന്നിവ കരിങ്കടലിലേക്ക് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചു. എന്നാൽ, ഈ രാജ്യങ്ങളൊന്നും യുക്രൈനിലേക്ക് സൈന്യത്തെ അയച്ചിട്ടില്ല.


തുറന്നയുദ്ധത്തിന് യൂറോപ്യൻ രാജ്യങ്ങളിൽ മിക്കവയ്ക്കും താത്പര്യമില്ല. ഇന്ധനത്തിന്റെ കാര്യത്തിൽ റഷ്യയെ ആശ്രയിക്കുന്ന ജർമനിയാണ് യുദ്ധവിരുദ്ധതയിൽ മുമ്പിൽ. സംഘർഷത്തിന് അയവുവരുത്താൻ റഷ്യയുമായും അമേരിക്കയുമായും ചർച്ചയിലാണ് യൂറോപ്യൻ നേതാക്കൾ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ റഷ്യയിൽച്ചെന്ന് പുതിനെ കണ്ടു. അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ലെന്ന് പുതിൻ, മക്രോണിന് ഉറപ്പുകൊടുത്തുവെന്ന് ഫ്രാൻസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സേനാ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.


ചൈനയും ഇന്ത്യയും


യുക്രൈൻ പ്രതിസന്ധിയിൽ റഷ്യയ്ക്കൊപ്പമാണ് ചൈന. സുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ആശങ്ക ന്യായമാണ്, അതു ഗൗരവമായെടുക്കണമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞത്. യുക്രൈൻ പ്രതിസന്ധി യു­.എൻ. രക്ഷാസമിതിയിൽ ചർച്ചചെയ്യാനായി പ്രമേയം കൊണ്ടുവരുന്നതിനെ ചൈന അനുകൂലിച്ചില്ല. അമേരിക്കയുടെ നേതൃത്വത്തിൽകൊണ്ടുവന്ന പ്രമേയം പക്ഷേ, പാസായി.


റഷ്യയെയും അമേരിക്കയെയും പിണക്കാൻ കഴിയാത്ത ഇന്ത്യയാകട്ടെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പ്രതിസന്ധി, ചർച്ചയിലൂടെ പരിഹരിക്കണമെന്ന് അഭ്യർഥിച്ചു. യുദ്ധമുണ്ടാവുകയോ ഇപ്പോഴത്തെ സ്ഥിതി നീളുകയോ ചെയ്താൽ ഇന്ത്യയ്ക്കു പലപ്രയാസങ്ങളുമുണ്ടാകും. റഷ്യയിൽനിന്നുള്ള എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വൈകും. ഇതു വാങ്ങുന്നതിന് അമേരിക്കയിൽ നിന്ന് ഇളവുകിട്ടാനുള്ള സാധ്യത മങ്ങും. സംഘർഷം എണ്ണവില ഇനിയും കൂട്ടും. യുദ്ധമുണ്ടായാൽ അത് യുക്രൈനിലെ വിദ്യാർഥികളുൾപ്പെടെയുള്ള ഇന്ത്യക്കാരെ ബാധിക്കും.

0 comments