കസ്റ്റംസിനെ വിളിച്ചെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയതായി ഇ.ഡി: സര്‍ക്കാരിന്‍റെ പ്രതിരോധം ദുര്‍ബലമാകുന്നു


സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന ഇ.ഡിയുടെ കണ്ടെത്തല്‍ വീണ്ടും രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. ആരും വിളിച്ചിട്ടില്ലെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് രാജിന്റെ വാക്കുകള്‍ ഉയര്‍ത്തിയായിരുന്നു ഇതുവരെ സര്‍ക്കാരിന്റെ പ്രതിരോധം. എന്നാല്‍ വിളിച്ചുവെന്ന് ശിവശങ്കരന്‍ തന്നെ മൊഴി നല്‍കിയതായുള്ള ഇ.ഡിയുടെ റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രതിരോധത്തെയാകെ ദുര്‍ബലപ്പെടുത്തും.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നായിരുന്നു തുടക്കം മുതലുള്ള പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബാഗേജ് വിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസിന് ടെലിഫോണ്‍ കോള്‍ ചെന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ ആരോപണം. എന്നാല്‍ കസ്റ്റംസിലെ അനീഷ് രാജന്‍ ഇത് തെറ്റെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. പിന്നാലെ അനീഷ് രാജനെ സ്ഥലം മാറ്റിയതും വിവാദമായി. പിന്നീട് തന്റെ ഓഫീസിന് എതിരായ ആരോപണത്തെ ‌ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ആയുധമാക്കിയതും ഇത് തന്നെയായിരുന്നു,

എന്നാല്‍ തങ്ങളുടെ ചോദ്യംചെയ്യലില്‍ കസ്റ്റംസിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് താന്‍ വിളിച്ചതായി ശിവശങ്കരന്‍ സമ്മതിച്ചുവെന്നാണ് കസ്റ്റഡി റിപോര്‍ട്ടിലും അറസ്റ്റ് മെമ്മോയിലും ഇ.ഡി പറയുന്നത്. ഇതാണ് സംസ്ഥാന സര്‍ക്കാരിനെ വീണ്ടും കുഴയ്ക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം പ്രതിപക്ഷം കൂടുതല്‍ ശക്തമാക്കി. പുതിയ സാഹചര്യത്തില്‍ എല്ലാം അസംബന്ധമെന്ന ദുര്‍ബലമായ പ്രതിരോധം തീര്‍ക്കാനേ മുന്നണിക്കും സര്‍ക്കാരിനും കഴിയുന്നൂള്ളൂ.

0 comments