നീറ്റ് പരീക്ഷയ്ക്കെതിരെ പിന്തുണ തേടി സ്റ്റാലിന്‍; പന്ത്രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് കത്ത്

ചെന്നൈ: നീറ്റ് പരീക്ഷയ്ക്കതിരെ ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് പന്ത്രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ കത്ത്. ഭരണഘടന വിഭാവനം ചെയ്തതുപോലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രാമുഖ്യം പുനഃസ്ഥാപിക്കാന്‍ ഒരുമിക്കണമെന്നാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നത്.കേരളം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഡല്‍ഹി, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, പശ്ചിമ ബംഗാള്‍, ഗോവ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തെഴുതിയിരിക്കുന്നത്. നീറ്റ് പരീക്ഷയെ തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ, തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയായ സാഹചര്യത്തിലാണ് സ്റ്റാലിന്‍റെ നടപടി.


നീറ്റിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ജസ്റ്റിസ് എ.കെ രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകള്‍ക്കുള്ള ഭാരിച്ച ചിലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതിസന്ധിയാണെന്നാണ് ജസ്റ്റിസ് രാജന്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍.


നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെ‍ഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. സാമൂഹിക നിതീ ഉറപ്പാക്കാനായി രാജന്‍ കമ്മിറ്റിയുടെ ശിപാർശകൾ ഉൾപ്പെടുത്തിയായിരുന്നു പുതിയ ബിൽ തയ്യാറാക്കിയത്.

0 comments