ഒമിക്രോൺ : കരിപ്പൂരിൽ പ്രത്യേക പരിശോധന

മലപ്പുറം: കർണാടകയിൽ ഒമിക്രോൺ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ സജ്ജീകരണങ്ങളായതായി ഡി.എം.ഒ വ്യക്തമാക്കി. നിലവിൽ ദിനം പ്രതി ശരാശരി 10 മുതൽ 15 പേർ വരെയാണ് ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നത്. ഇവരെ എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധന ഫലം നെഗറ്റീവായാൽ മാത്രമേ വിമാനത്താവളത്തിൽ നിന്നും പുറത്തുവിടൂ.


ഇത്തരത്തിൽ വീടുകളിലേക്ക് പോകുന്നവർ ഏഴ് ദിവസം വീടുകളിൽ സമ്പർക്ക വിലക്കിൽ ഇരിക്കണമെന്നാണ് നിർദ്ദേശം. ഇക്കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് പ്രാദേശികമായ സംവിധാനങ്ങൾ ഒരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയവർ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ തുടർന്നുള്ള ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമാണ് നിർദ്ദേശം. ലക്ഷണങ്ങളുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെടണം.



പോസിറ്റീവെങ്കിൽ മഞ്ചേരിയിലേക്ക്


ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് പരിശോധനയിൽ പോസിറ്റീവാണെങ്കിൽ അവരെ വിമാനത്താവളത്തിൽ നിന്നും നേരിട്ട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറികളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേരെ നിരീക്ഷണത്തിന്റെ ഭാഗമായി പരിശോധിക്കും. ഇതിൽ പോസിറ്റീവ് ഫലം ലഭിക്കുന്നവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണ പഠനത്തിന് അയക്കും.

0 comments