ബാഴ്സലോണക്കും യുവന്റസിനും ജയത്തുടക്കം

ചാമ്പ്യന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ പി.എസ്.ജിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. പാരീസില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് വിജയിച്ചത്. മറ്റ് മത്സരങ്ങളില്‍ ബാഴ്സലോണയും യുവന്റസും വിജയം കണ്ടപ്പോള്‍, ചെല്‍സി - സെവിയ മത്സരം സമനിലയില്‍ കലാശിച്ചു.

പിഎസ്ജിയെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ചു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസും മാര്‍ക്കസ് റാഷ്ഫോര്‍ഡും യുണൈറ്റഡിന്റെ വിജയഗോള്‍ നേടി. 23ാം പെനല്‍റ്റിയിലൂടെയായിരുന്നു ഫെര്‍ണാണ്ടസ് ലക്ഷ്യം കണ്ടത്. എന്നാല്‍ സെല്‍ഫ്‌ഗോളിലൂടെ പിഎസ്ജി സമനില പിടിച്ചെങ്കിലും 87ാം മിനുറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് യുണൈറ്റഡിനെ വിജയത്തിലെത്തിച്ചു.

ഹങ്കേറിയന്‍ ടീമായ ഫെറന്‍സ്‍വാരോസിന് ബാഴ്സലോണയുടെ കരുത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. ഫലം 5-1ന്റെ വമ്പന്‍ തോല്‍വി. കോവിഡ് കാരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചില്ലെങ്കിലും യുവന്റസും വിജയത്തോടെ തുടങ്ങി. യുക്രൈന്‍ ടീമായ ഡൈനാമോ കീവിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തു.. മറ്റൊരു മത്സരത്തില്‍ യുറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയയും ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.


0 comments