വാളയാർ കേസ്; തെരഞ്ഞെടുപ്പിൽ വിഷയമാക്കാന്‍ പ്രതിപക്ഷം, പ്രതിരോധിക്കാനൊരുങ്ങി സി.പി.എം


വാളയാർ പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച സംഭവം വരുന്ന തെരഞ്ഞെടുപ്പുകളിലും സജീവ ചർച്ചയാകും. അമ്മയുടെ സത്യാഗ്രഹ സമരത്തിൽ യു.ഡി.എഫ് നേതാക്കളും, ബി.ജെ.പി നേതാക്കളും എല്ലാ ദിവസവും പങ്കെടുത്തിരുന്നു. കോടതിയിലെ ഇടപെടലിലൂടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ.

വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ച പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നാണ് പ്രധാന വിമർശനം. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണെന്നും ആരോപണം ഉണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ,കെ .മുരളിധരൻ എം.പി തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളും ,എൻ.കെ പ്രേമചന്ദ്രൻ അടക്കം ഉള്ള യുഡിഎഫ് നേതാക്കളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാളയാറിൽ എത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള ബി.ജെ.പി നേതാക്കളും വാളയാർ സന്ദർശിച്ചു.

സമരം സർക്കാറിന് എതിരായതിനാലാണ് തങ്ങൾ പങ്കെടുക്കാത്തതെന്ന് മന്ത്രി എ.കെ ബാലൻ തന്നെ പറഞ്ഞിരുന്നു. വാളയാർ വിഷയം വരുന്ന തെരഞ്ഞെടുപ്പിൽ ഉയർത്തി കൊണ്ടുവരാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. ഹൈക്കോടതിയിൽ കേസ് വരുമ്പോൾ കുടുംബത്തിന് അനുകൂല നിലപാട് സർക്കാർ സ്വീകരിക്കും. കൂടാതെ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും സാധ്യതയുണ്ട്. ഇതിലൂടെ പ്രതിപക്ഷ ആരോപണങ്ങൾ മറികടക്കാനാകുമെന്നാണ് സർക്കാറിൻ്റെയും, എൽ.ഡി.എഫിൻ്റെയും പ്രതീക്ഷ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും, നിയമസഭ തെരഞ്ഞെടുപ്പിലും വാളയാർ കേസ് സജീവ ചർച്ചയാകുമെന്ന് ഉറപ്പാണ്

0 comments