'ഞങ്ങള്‍ ബിജെപി വിരുദ്ധര്‍, ദേശദ്രോഹികളല്ല': ഫാറൂഖ് അബ്‍ദുല്ല


ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചു. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന്‍റെ പേര്. ഗുപ്കാര്‍ സഖ്യത്തിന്റെ നേതാവായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ തെരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് വൈസ് പ്രസിഡന്‍റ്.

"സഖ്യം ദേശവിരുദ്ധമാണെന്ന പ്രചരണം ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ അത് സത്യമല്ല. ഒരു സംശയവും വേണ്ട, സഖ്യം ബിജെപി വിരുദ്ധമാണ്. പക്ഷേ ദേശവിരുദ്ധമല്ല. സ്വത്വ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്. ബിജെപി ഭരണഘടന ഇല്ലാതാക്കി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് നോക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 5ന് അവര്‍ എന്താണ് ഭരണഘടനയോട് ചെയ്തത്. ജമ്മുവിലെയും കശ്മീരിലെയും ലഡാഘിലെയും ജനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടമാണിത്"- ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി.

മെഹബൂബ മുഫ്തിയുടെ ശ്രീനഗറിലെ വസതിയിലായിരുന്നു യോഗം. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, പീപ്പിള്‍സ് മൂവ്മെന്‍റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ സജ്ജാദ് ലോണെ ആണ് സഖ്യത്തിന്‍റെ വക്താവ്. സിപിഎം നേതാവ് യൂസുഫ് തരിഗാമി കണ്‍വീനര്‍. ഹസ്നെയിന്‍ മസൂദിയാണ് കോഓര്‍ഡിനേറ്റര്‍.

2019 ആഗസ്ത് 5നാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഫാറൂഖ് അബ്ദുല്ലയും മെഹബൂബ മുഫ്തിയും ഉള്‍പ്പെടെയുള്ള നേതാക്കളെ തടങ്കലിലാക്കി. ഏറെക്കാലം ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചു. ജമ്മു കശ്മീരിനെ കുറിച്ചുള്ള കള്ളങ്ങള്‍ തുറന്നുകാട്ടി ഒരു മാസത്തിനകം ധവള പത്രം പുറത്തിറക്കുമെന്ന് ഗുപ്കാര്‍ സഖ്യം വ്യക്തമാക്കി.

0 comments