എന്താണ് ലേബര്‍ കോഡ് ?രാജ്യത്തെ പുത്തന്‍ ബിസിനസ് സാഹചര്യങ്ങള്‍ക്കനുസരിച്ച് തൊഴില്‍ മേഖലയില്‍ മാറ്റം വരുത്തുന്ന നിയമഭേദഗതി എന്ന വാദവുമായി കേന്ദ്രം അവതരിപ്പിച്ച ബില്ലുകളാണ് ലേബര്‍ കോഡ്‍. നിലവിലെ 29 പ്രധാന തൊഴിൽനിയമങ്ങൾ ക്രോഡീകരിച്ചാണ് നാല് ലേബർ കോഡുകൾക്ക് കേന്ദ്രം രൂപംനൽകിയിരിക്കുന്നത്.

1- വ്യവസായ ബന്ധ കോഡ് (Industrial Relations Code Bill, 2020)

2- സാമൂഹിക സുരക്ഷാ കോഡ് (Code on Social Security Bill, 2020)

3- തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സ്ഥിതിയും സംബന്ധിച്ച കോഡ് (Occupational Safety, Health and Working Conditions Code Bill, 2020)

4- തൊഴില്‍ വേതന കോഡ്(wage code bill, 2019)

2019ല്‍ പാസാക്കിയ വേജ് കോഡ് ബില്ലിലൂടെ തൊഴിലാളികളുടെ അവകാശങ്ങളുടെ സിംഹപക്ഷവും അടിച്ചമര്‍ത്തിയ കേന്ദ്രം 2020ലെ ലേബര്‍ കോഡിലൂടെ ഇത് പൂര്‍ണമാക്കുകയാണ് ചെയ്തത്. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമങ്ങള്‍ എന്നാണ് കേന്ദ്രത്തിന്‍റെ പക്ഷം. എന്നാല്‍ അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഭൂരിപക്ഷം വരുന്ന ഇവിടുത്തെ തൊഴിലാളി സമൂഹം തയ്യാറല്ല, സംഘടിക്കാനും സമരം ചെയ്യാനുമുള്‍പ്പെടെയുള്ള അടിസ്ഥാന അവകാശങ്ങളെ റദ്ദ് ചെയ്യുന്ന, സ്വകാര്യവല്‍ക്കരണത്തിന് കുടപിടിക്കുന്ന ഈ ബില്ലിനെതിരെയാണ് തൊഴിലാളി യൂണിയനുകൾ. അതിനടിവരയിടുന്നതാണ്ന്നതാണ് രാജ്യവ്യാപകമായി ഇന്ന് നടന്ന പണിമുടക്ക്. രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളും സ്വതന്ത്ര സംഘടനകളും ഒരുമിച്ചാണ് തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് പണിമുടക്ക് നടത്തിയത്ലേബര്‍കോഡിലെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ എന്തൊക്ക?


പിരിച്ചുവിടല്‍ നിലവിലെ നിയമമനുസരിച്ച് 100 പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലുള്ള തൊഴിലാളികളെ പിരിച്ചുവിടാനോ ലേ ഓഫ് ചെയ്യാനോ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണമായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥയില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള ഭേദഗതിയാണ് കേന്ദ്രമിപ്പോള്‍ ലേബര്‍ കോഡിലൂടെ വരുത്തിയിരിക്കുന്നത്. 300 പേര്‍ വരെ ജോലി ചെയ്യുന്നയിടങ്ങളില്‍ പിരിച്ചുവിടലിനോ ലേ ഓഫ് ചെയ്യലിനോ ഇനി സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നാണ് പുതിയ ഭേദഗതി. നേരത്തെ തൊഴിലാളികളെ പിരിച്ചുവിടുന്നതിന് 30 മുതല്‍ 90 ദിവസം വരെ മുന്‍പ് നോട്ടീസ് നല്‍കണമായിരുന്നു, എന്നാല്‍ ഇനി അതും ആവശ്യമില്ല


12 മണിക്കൂര്‍ ജോലിസമയം ഒരുദിവസത്തെ തൊഴിലാളികളുടെ ജോലിസമയം എട്ടുമണിക്കൂറായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്ന രാജ്യാന്തര തലത്തിൽ അംഗീകരിച്ച രീതിയാണ് ഇന്ത്യയും ഇതുവരെ തുടര്‍ന്ന് പോന്നിരുന്നത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായാണ് ജോലിസമയം 12 മണിക്കൂർ വരെയാക്കി ഉയർത്താൻ പാർലമെന്‍റ്​ പാസാക്കിയ വേജസ്​ കോഡിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജോലിക്കിടയിൽ ഇടവേളകൾ നൽകിയാണ് 12 മണിക്കൂറാക്കി സമയം ഉയര്‍ത്തുന്നതെങ്കിലും എട്ടു മണിക്കൂർ ജോലിയെന്ന ലോകം അംഗീകരിച്ച നയം കാറ്റിൽപറത്തിയാണ് ലേബര്‍ കോഡിലെ പുതിയ വ്യവസ്ഥകള്‍.


നോട്ടീസില്ലാതെ സമരമില്ല നിലവിലെ വ്യവസ്ഥകളനുസരിച്ച് അവശ്യസേവനം നൽകുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ളിടങ്ങളില്‍ തൊഴിലാളികൾക്കു സമരം ചെയ്യണമെങ്കിൽ മുൻകൂർ നോട്ടീസ് നൽകേണ്ട ബാധ്യതയില്ല. എന്നാൽ പുതിയ ലേബര്‍ കോഡില്‍, തൊഴില്‍ സമരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വ്യവസായ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് അറുപത് ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ സമരം ചെയ്യാന്‍ സാധിക്കില്ലെന്നതാണ് പുതിയ നിബന്ധന. സ്ഥാപനത്തിലെ പകുതിയിലേറെ ജീവനക്കാർ സംഘടിതമായി അവധിയെടുക്കുന്ന പക്ഷം അതും സമരമായി കണക്കാക്കും. തർക്കപരിഹാര ഓഫിസർ മുൻപാകെ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, തൊഴിലാളികൾ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന വ്യവസ്ഥയും ഈ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


വർധിക്കാത്ത മിനിമം വേതനം രാജ്യത്തെ തൊഴിലാളികളിൽ 94 ശതമാനവും അസംഘടിത പരമ്പരാഗത കാർഷിക തൊഴിലാളികളാണ്. ഇവർക്ക് ഇപ്പോൾ സർക്കാർ നിർദേശിച്ച ദിവസവേതനം 202 രൂപയും..! തൊഴിലാളികളുടെ മിനിമംവേതനം പ്രതിമാസം 21,000 രൂപയാക്കണമെന്ന ഇന്ത്യൻ ലേബർ കോൺഫറൻസിന്‍റെ ശുപാർശകളെ സർക്കാർ പാടെ തള്ളിക്കളഞ്ഞു. 16 കോടിയോളം വരുന്ന കുടിയേറ്റത്തൊഴിലാളികളെയും സർക്കാർ അവഗണിച്ചു.


സംസ്ഥാന സര്‍ക്കാരുകളോട് പോലും ആലോചിക്കാതെയാണ് പുതിയ ലേബര്‍ കോഡ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. അസംഘടിത മേഖലയിലെ തൊഴിലാളികളെക്കുറിച്ചോ, തൊഴിലിടങ്ങളിലെ സ്ത്രീകളെകുറിച്ചോ പുതിയ ലേബര്‍ നിയമത്തില്‍ വ്യക്തതയില്ല. രാജ്യത്തെ നല്ലൊരു ശതമാനം കര്‍ഷക തൊഴിലാളികളും ഒക്കുപ്പേഷന്‍ സേഫ്റ്റി ഹെല്‍ത്ത് കണ്ടീഷന്‍ കോഡില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതിലുപരി അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരെക്കുറിച്ചും ലേബര്‍ കോഡില്‍ പരാമര്‍ശമില്ല . ഇന്ത്യൻ കർഷകരെ കോർപ്പറേറ്റുകൾക്ക് കീഴടക്കാൻ ഉതകുന്ന നിയമങ്ങളാണ് പാർലമെന്‍റ് പാസാക്കിയത്. കർഷകസംഘടനകളും പാർലമെന്‍റിലെ പ്രതിപക്ഷപാർട്ടികളും ഉയർത്തിയ എതിർപ്പുകൾ സർക്കാർ ഗൗനിച്ചതേയില്ല. ഉത്‌പന്നങ്ങളുടെ സംഭരണം, താങ്ങുവില എന്നിവയൊന്നും പുതിയ നിയമങ്ങളിലില്ല. സ്വതന്ത്ര കമ്പോളത്തിനാണ് പൂര്‍ണമായും ഊന്നൽ നല്‍കിയിരിക്കുന്നത്. കരാർകൃഷിക്ക് വാതിൽ തുറക്കുന്നതിലൂടെ ഭക്ഷ്യധാന്യകൃഷിയിൽനിന്ന് കയറ്റുമതി സാധ്യതയുള്ള ഉത്‌പന്നങ്ങളിലേക്ക് കൃഷിരീതി മാറും. അത് രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെയും. പൊതുവിതരണത്തെയും ദുർബലമാക്കും.


തൊഴിലാളികൾക്ക് വേണ്ടിയല്ല മാനേജ്മെന്‍റുകൾക്കാണ് ഈ ലേബർ കോ‌‌ഡ് സംരക്ഷണം നല്‍കുന്നത്. ലേബർ കോഡ് നിലവിൽ വരുന്നതോടെ സംഘടിക്കാനും, കൂട്ടായ വിലപേശലിനുമുള്ള അവകാശങ്ങൾ തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്നു. നിലനില്‍പ്പിന് വേണ്ടിയുള്ള കൂട്ടായ വിലപേശലും സമരങ്ങളും പണിമുടക്കുകളും ഇതുവരെ ക്രിമിനൽ കുറ്റമായിരുന്നില്ല, കാരണം ഇതെല്ലാം ട്രേഡ് യൂണിയനുകള്‍ക്ക് നിയമ പരിധിയ്ക്കുള്ളിൽ നിന്ന് നടത്താമെന്ന കോടതിവിധിയുണ്ടായിരുന്നു. എന്നാല്‍ 'ലേബർ കോഡ് ' നിലവിൽ വരുന്നതോടെ ഈ അവകാശങ്ങളെല്ലാം തൊഴിലാളികളിൽനിന്ന് അപഹരിക്കപ്പെടുകയാണ്, അവകാശങ്ങളെ റദ്ദ് ചെയ്യുകയാണ് ചെയ്യുന്നത്. ഇനി സംഘടിക്കുന്നതും സമരം ചെയ്യുന്നതും പണിമുടക്കുന്നതും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളായി മാറും, മുതലാളി വർഗം ലേബർ കോഡിന്‍റെ പേരിൽ തൊഴിലാളികളെ കൈകാലുകൾ ബന്ധിച്ച് അടിമക്കൂടാരത്തിലേക്കെറിയും. തൊഴിലാളികളുടെ സുരക്ഷയും അവകാശവും ഇല്ലാതാക്കുകയും വ്യവസായികള്‍ക്ക് അമിതാധികാരം നല്‍കുകയും ചെയ്യുന്നതാണ് പുതിയ നിയമങ്ങള്‍. മുന്‍പൊക്കെ തൊഴിൽനിയമങ്ങൾ സൃഷ്ടിച്ചിരുന്നത് തൊഴിലാളികളുടെ താല്‍പര്യങ്ങൾ സംരക്ഷിക്കാനാണെങ്കില്‍ ഇന്നത് കോർപ്പറേറ്റുകളുടെ താല്‍പര്യാനുസരണമാണ് എന്നൊരു തിരുത്തും വേണ്ടിവരും.

0 comments

Recent Posts

See All

കോഴിക്കോട് : റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുക്കാം. ജി പേ, പേ ടി എം, ഫോൺ പേ, റെയിൽവേ സ്‌മാർട്ട് കാർഡ്, ഭീം ആപ്